കേളി ഇടപെടൽ; വീസ തട്ടിപ്പിനിരയായ മൂന്നു യുവാക്കള്‍ നാടണഞ്ഞു

08:33 PM Sep 09, 2019 | Deepika.com
റിയാദ്: പതിനാറു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തില്‍ ആയിരുന്ന മൂന്നു യുവാക്കളെ നാട്ടിലെത്തിക്കാന്‍ കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം വഴിയൊരുക്കി.

അക്കൗണ്ടന്‍റ്, അലൂമിനിയം ഫാബ്രിക്കേറ്റര്‍, കുക്ക് എന്നീ ജോലികള്‍ക്കായാണ് ആലപ്പുഴ അരൂര്‍ സ്വദേശി രാഹുല്‍, കോഴിക്കോട് പൊറ്റമല്‍ സ്വദേശി ജാക്സണ്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ്‌ ഷമീം എന്നിവര്‍ റിയാദിലെത്തിയത്. എന്നാൽ സ്ഥാപനം നിലവിലില്ല എന്നും തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ എന്നും റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലിനുള്ള വീസയിലല്ല പകരം കൃഷിപ്പണിക്കുള്ള വീസയാണ് കിട്ടിയതെന്നും ഉള്ള വസ്തുതയാണ് റിയാദില്‍ എത്തിയപ്പോള്‍ അറിയാൻ കഴിഞ്ഞത്.

സ്ഥാപനം തുടങ്ങുന്നതുവരെ മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ചെയ്യുന്നതിന് വേണ്ടി സ്പോണ്‍സര്‍ അവസരം ഒരുക്കിയെങ്കിലും ജോലിക്കു കൊണ്ടുപോകാന്‍ സ്പോണ്‍സര്‍ വരാതായതിനാല്‍ രണ്ടാഴ്ച മാത്രമേ അവിടെ ജോലി ചെയ്യാന്‍ സാധിച്ചുള്ളൂ. പിന്നീട്, സ്പോണ്‍സര്‍ വല്ലപ്പോഴും വരുമ്പോള്‍ നല്‍കുന്ന തുച്ഛമായ തുക കൊണ്ട് പതിനാലു മാസം തള്ളി നീക്കി. തുടര്‍ന്നാണ് നാടണയാൻ വഴിതേടി കേളി കലാ സാംസ്കാരിക വേദിയെ സമീപിക്കുന്നതും അതിന്‍റെ ജീവകാരുണ്യ വിഭാഗത്തിന്‍റെ ഫലപ്രദമായ ഇടപെടലിലൂടെ ഒടുവില്‍ നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുങ്ങിയതും.

കേളി അസീസിയ ഏരിയ ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ അലി പട്ടാമ്പിയുടെ നേതൃത്വത്തില്‍ എംബസിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വീസ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ സ്പോണ്‍സര്‍ അല്‍ ഖസീമില്‍ ആണെന്ന്‍ മനസിലായത്. അല്‍ ഖസീമിലുള്ള സ്പോണ്‍സറുമായി എംബസി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ തൊഴിലാളികളെ തനിക്കറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നു എംബസിയുടെ നിര്‍ദ്ദേശപ്രകാരം കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കിഷോര്‍, ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍, അലി പട്ടാമ്പി എന്നിവര്‍ നിരന്തരം സ്പോണ്‍സറുമായി ബന്ധപ്പെട്ടതിന്‍റെ ഫലമായി, ടിക്കറ്റോ മറ്റ് ആനുകൂല്യങ്ങളോ തന്‍റെ ബാധ്യത ആകരുതെന്ന ഉറപ്പിന്‍ മേല്‍ സ്പോണ്‍സര്‍ ഫൈനല്‍ എക്സിറ്റ് വീസ അടിച്ചു നല്‍കാന്‍ ത‍യാറായി.

ഫൈനല്‍ എക്സിറ്റ് അടിച്ചു കിട്ടിയിട്ടും തൊഴില്‍ നല്‍കാമെന്നേറ്റ റിയാദിലെ സ്പോണ്‍സറുടെ കൈയിലുണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍ തിരിച്ചുകിട്ടാന്‍ ഒരു മാസത്തോളം വീണ്ടും കാലതാമസം നേരിട്ടു. കേളി പ്രവര്‍ത്തകരുടെ നിരന്തരമുള്ള ബന്ധപ്പെടലിനും നിര്‍ബന്ധത്തിനുമൊടുവില്‍ പാസ്പോര്‍ട്ടും വിമാന ടിക്കറ്റിനുള്ള പണവും റിയാദിലെ സ്പോണ്‍സര്‍ എത്തിച്ചതോടെ ഈ യുവാക്കളുടെ പതിനാറു മാസത്തെ ദുരിത പര്‍വ്വത്തിന് അറുതിയായി.

ജീവിതത്തിലെ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അധ്യായമായി ഈ പതിനാറു മാസം കാണുമ്പോഴും ഒട്ടേറെ ജീവിതാനുഭവങ്ങള്‍ ഈ ചെറിയ കാലയളവില്‍ തിരിച്ചറിഞ്ഞെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന കേളി കലാ സാംസ്കാരിക വേദിയുടെ അസീസിയ ഏരിയ കമ്മിറ്റി സെക്രട്ടറി റഫീഖ് ചാലിയം, ട്രഷറര്‍ ഹസന്‍ പുന്നയൂര്‍, കേന്ദ്ര കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, മറ്റു കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ഇവര്‍ നാട്ടിലേക്ക് തിരിച്ചു.