മദ്യപിച്ചു വാഹനമോടിച്ചു; യുവതി കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്കു ജീവപര്യന്തം

07:10 PM Aug 24, 2019 | Deepika.com
ഡങ്കൻവില്ല (ടെക്സസ്) : അമിതമായി മദ്യപിച്ച് തെറ്റായ ദിശയിൽ വാഹനം ഓടിച്ച് ഇരുപത്തിമൂന്നുകാരിയുടെ മരണത്തിനിടയാക്കിയ ഡ്രൈവർ ഗിലെർമോ സൗറസിനു (31) ഡാളസ് കൗണ്ടി ജൂറി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഓഗസ്റ്റ് 22 നായിരുന്നു വിധി പ്രഖ്യാപനം.

ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ഐ ട്വന്‍റിയിൽ ശരിയായ ദിശയിൽ വാഹനം ഓടിച്ചു വരികയായിരുന്ന ആറു മാസംപ്രായമുള്ള കുഞ്ഞിന്‍റെ മാതാവ് ആംബർലി മെക്കറെ (23) യുടെ കാറിനു നേരെ മദ്യപിച്ചു തെറ്റായ ദിശയിൽ ഓടിച്ച ഡ്രൈവർ സൗറസിന്‍റെ വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സൗറസിന്‍റെ വാഹനത്തിനു തീപിടിച്ചു. ആംബർലി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

ആംബർലിയുടെ വാഹനത്തിൽ ഇടിക്കുന്നതിനു മുമ്പ് മറ്റു പല വാഹനങ്ങളിലും സൗറസിന്‍റെ വാഹനം ഇടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗറസിനെ ഇന്‍റൻസീവ് കെയറിൽ പ്രവേശിപ്പിച്ചിരുന്നു.

മദ്യലഹരിയിൽ വാഹനമോടിച്ചു യുവതിയുടെ മരണത്തിനിടയാക്കിയ സൗറസിന്റെ പേരിൽ ഇതിനുമുൻപും കേസുകൾ നിലവിലുണ്ടായിരുന്നു.ഇത്തരം കേസുകളിൽ ഒരാൾക്ക് ജീവപര്യന്തം ലഭിക്കുന്നത് അസാധാരണമാണ്. ഇതു മറ്റുള്ളവർക്കു ഒരു മുന്നറിയിപ്പു കൂടിയാണ്.

അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. മദ്യപിച്ചു വാഹനം ഓടിക്കരുതെന്നും അറസ്റ്റ് ചെയ്യപ്പെടുമെന്നുള്ള മുന്നറിയിപ്പുകൾ റോഡുകളിൽ പോലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതിനെ ഗൗരവമായി കാണുന്നില്ല എന്നതാണ് തുടർച്ചയായ അപകടങ്ങൾ നൽകുന്ന സൂചന.

റിപ്പോർട്ട്: പി.പി. ചെറിയാൻ