നാലു പതിറ്റാണ്ടിന്റെ സേവനത്തിന് സമാജത്തിന്റെ ആദരം

03:28 PM Aug 18, 2019 | Deepika.com
അബുദാബി:ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും യുഎഇയുടെ സഹീഷ്ണുതാ വാര്‍ഷാചരണത്തിന്റെയും ഭാഗമായി അബുദാബി മലയാളി സമാജം യുഎഇയില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ച 78 പേരെ അവര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം രൂപകല്‍പന ചെയ്ത മൊമെന്റൊയും, സമാജം ലോഗോ ആലിംഗനം ചെയ്തിട്ടുള്ള ഷാളും പൊന്നാടയും അണിയിച്ചുമായിരുന്നു അവരെ ആദരിച്ചത് . വാര്‍ണാഭമായ ചടങ്ങുകളോടെയായിരുന്ന പരിപാടികള്‍ ആരംഭിച്ചത്. സമാജത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും, സമാജം ബാലവേദി അവതരിപ്പിച്ച നൃത്തപരിപാടികളും പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി.

അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സഹിഷ്ണുതയിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെങ്കിലും അസഹിഷ്ണുതയുടെ മധ്യത്തിലാണ് ഇന്ന് നമ്മുടെ നാടെന്നും യുഎഇ യിലെ സഹിഷ്ണുത നമ്മുടെ ഭരണാധിപന്മാര്‍ പാഠമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസിയുടെ കമ്യൂണിറ്റി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍ ചടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈവിധ്യങ്ങളുടെ നാടായ ഭാരതം സഹിഷ്ണുതയുടെ മികച്ച ഉദാഹരണമാണെന്നും, യുഎഇയുടെ ഈ സഹിഷ്ണുതാ വര്‍ഷാചരണത്തില്‍ തന്നെ 40 വര്‍ഷം ജോലിചെയ്തവരെ ആദരിക്കുക എന്നത് സമാജത്തിന്റെ ഒരു മികച്ച പ്രവര്‍ത്തനമായെന്നും അവര്‍ പറഞ്ഞു.

മുഖ്യാതിഥി ആവേണ്ടിയിരുന്ന സായിദ് ഹൗസ് ഫോര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഡയറക്ടര്‍ ജനറല്‍, നാദല്‍ മുഹമ്മദ് അല്‍ തേനായ്ജി യുടെ അഭാവത്തില്‍ ഹെഡ് ഓഫ് സപ്പോര്‍ട്ട് സര്‍വീസ് സെക്ഷന്‍ ഇബ്രാഹിം ഹുസൈന്‍ അല്‍ മസ്‌റൂഖി അവരുടെ സന്ദേശം വായിക്കുകയും മുഖ്യപ്രാഭാഷണം നടത്തുകയും ചെയ്തു. 200 ല്‍ പരം രാജ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് ഈ രാജ്യത്തെ മുന്നോട്ട് നയിച്ച സഹിഷ്ണുതുടെ ആള്‍പൂമാണ് ഷെയ്ഖ് സായിദ് എന്ന യുഎഇയുടെ രാഷ്ട്രപിതാവെന്ന് അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. പത്ത് ലക്ഷം ആളുകളെ സഹിഷുതയുടെ വാഹകരായി രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സായിദ് ഹൗസ് ഓഫ് ഇസ്സാമിക് കള്‍ച്ചര്‍ മുന്നോട്ട് പോകുന്നതെന്നും അതിന് സമാജത്തിന്റെ സഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമന്‍ ആശംസാപ്രസംഗം നിര്‍വഹിച്ചു. ആരോഗ്യം പരമപ്രധാനമാണെന്നും ഇനിയും നല്ല ആരോഗ്യത്തോടെ ജോലി ചെയ്യുവാനും അങ്ങിനെ പിറന്ന നാടിനെയും ഈ കര്‍മഭൂമിയേയും സേവിക്കുവാനും നമുക്കേവര്‍ക്കും കഴിയട്ടെ എന്നും അവര്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ഇബ്രാഹീം ഹുസൈന്‍ അല്‍ മസ്‌റൂഖിയും മറ്റു അതിഥികളും, യഎഇയില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. കമ്യൂണിറ്റി പോലീസിങ് ഓഫീസര്‍ ഫഹദ് സാലാഹ് തമീമി, സായിദ് ഹൗസ് ഓഫ് ഇസ്ലാമിക് കള്‍ച്ചറല്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസര്‍ അബ്ദുള്ള അല്‍ സാദി, സമാജം ട്രെഷറര്‍ അബ്ദുല്‍ കാദര്‍ തിരുവത്ര, സമാജം രക്ഷാധികാരിയും, യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിന്നറും കൂടിയായ ലൂയീസ് കുര്യാക്കോസ്, അഹല്യ പ്രതിനിധി സൂരജ് പ്രഭാകര്‍, എന്‍.എം.സി പ്രതിനിധി വിനോയ്, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സമാജം ഭാരവാരികള്‍ പങ്കെടുത്തു. സമാജം ജ.സെക്രട്ടറി ജയരാജന്‍ സ്വാഗതവും, സമാജം ടോലറന്‍സ് കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് മൊയ്തീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള