ഈദ് അവധി ദിനങ്ങളില്‍ അബുദാബി പോലീസിനു ലഭിച്ചത് 32000 ഫോണ്‍ വിളികള്‍

03:26 PM Aug 18, 2019 | Deepika.com
അബുദാബി: പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടറിലെ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് പൊതു ജനങ്ങളില്‍ നിന്നും ഈദ് അവധി ദിനങ്ങളില്‍ 32,435 ഫോണ്‍ വിളികള്‍ ലഭിച്ചു. റിപ്പോര്‍ട്ടുകളും കോളുകളും സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അപകടസ്ഥലത്ത് എത്രയും വേഗം എത്തിച്ചേരുവാനും ടീമുകള്‍ തയ്യാറാണെന്നു ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ അല്‍ മസ്‌കരി പറഞ്ഞു.ഗതാഗതത്തിരക്ക്, ആരോഗ്യ സംബന്ധമായ അത്യാഹിതങ്ങള്‍, ചെറിയ വാഹന അപകടങ്ങള്‍ തുടങ്ങിയവ അറിയിക്കുന്നതായി ബന്ധപെട്ടായിരുന്നു മിക്ക കോളുകളും എന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പൊതുജന അവബോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കുന്നതിനും അബുദാബി പോലീസ് നടപ്പാക്കുന്ന ബോധവല്‍ക്കരണ സംരംഭങ്ങളുമായി സഹകരിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിക്കാന്‍ മടിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റ് എല്ലാ സമയത്തും കോളുകള്‍ സ്വീകരിക്കാന്‍ സജ്ജമാണ്, മാത്രമല്ല ഫോണ്‍ വിളികളുടെ വന്‍ തോതിലുള്ള അളവ് കൈകാര്യം ചെയ്യാന്‍ ഏറ്റവും നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള