വിവാഹവേദികളിൽ നുഴഞ്ഞു കയറി മോഷണം നടത്തുന്ന സ്ത്രീയെ പിടികൂടാൻ സഹായം തേടി പോലീസ്

09:15 PM Aug 16, 2019 | Deepika.com
കോമൽ (ടെക്സസ്): വിവാഹം നടക്കുന്ന ഹോട്ടലുകളിലും വിവിധ വേദികളിലും ക്ഷണിക്കപ്പെടാതെ ഭംഗിയായി വസ്ത്രം ധരിച്ചു നുഴഞ്ഞു കയറി അവിടെ നിന്നും വിലയേറിയ ഗിഫ്റ്റ് ബോക്സുകളും പണവും മോഷ്ടിച്ചു കടന്നു കളയുന്ന സ്ത്രീയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു.

ഈയിടെ കോമൽ കൗണ്ടിയിൽ മാത്രം ഇത്തരം ആറു സംഭവങ്ങൾ ഉണ്ടായതായി പരാതി ലഭിച്ചിട്ടുണെന്ന് പോലീസ് പറഞ്ഞു. ഇതു കൂടാതെ സമീപ കൗണ്ടികളും ഇതേ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നു കാമറ ദൃശ്യങ്ങളിൽ വ്യക്തമാകുന്നുവെന്നും അധികൃതർ ചൂണ്ടികാട്ടി.

വിവാഹ സമ്മാനമായി ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകളും ചെക്കുകളും ഉൾപ്പെടുന്ന ബോക്സുകളും ഇവർ തട്ടിയെടുത്തിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർക്ക് സംശയം ഉണ്ടാകാത്തവിധം മാന്യമായി വസ്ത്രം ധരിച്ചു വിവാഹ വേദികളിലെത്തി സുഹൃദ്ബന്ധം സ്ഥാപിച്ചാണ് മോഷണം നടത്തുന്നത്. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 4000 ഡോളർ പ്രതിഫലവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സ് 830 620 8477, 1800 640 8422 എന്നീ നമ്പറുകളിലായി ബന്ധപ്പെടേണ്ടതാണെന്നും കോമൽ കൗണ്ടി പോലീസ് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ