കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ 2019 വർഷത്തെ വി. സാംബശിവൻ പുരസ്കാരം കവി ഏഴാചേരി രാമചന്ദ്രന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മാനിച്ചു.
കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന ചടങ്ങിലാണ് 50000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് കൈമാറിയത്. ഇതോടൊപ്പം കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന 14 ജില്ലകളിലെ മലയാളം മീഡിയത്തിൽ പഠിച്ച് എസ്എസ്എൽസിക്ക് മികച്ച വിജയം കരസ്ഥമാക്കിയ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള 5000 രൂപ വരുന്ന എൻഡോവ്മെന്റുകളുടെ വിതരണം സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം വൈക്കം വിശ്വൻ നിർവഹിച്ചു. ഈ വർഷം 30 കുട്ടികൾക്കാണ് എൻഡോവ്മെന്റ് നൽകിയത്.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബാസിയ മേഖല കമ്മിറ്റിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലകളിലുമായി നടത്തിവരുന്ന വീൽചെയർ വിതരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിതരണം ചടങ്ങിൽ വച്ചു അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് വീൽചെയറുകൾ കൈമാറിക്കൊണ്ട് കുവൈറ്റ് കല ട്രസ്റ്റ് ചെയർമാൻ എംവി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. കെ സുരേഷ് കുറുപ്പ് എംഎൽഎ, പുരോഗമന കലാ സാഹിത്യസംഘം ജില്ല സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു, പ്രവാസി സംഘം ജില്ല സെക്രട്ടറി കെജി അജിത്ത്, കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, കുവൈറ്റ് കല ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ പി.വി. മുസ്തഫ, ജേക്കബ് മാത്യു, സ്വാഗതസംഘം കണ്‍വീനർ പിബി സുരേഷ് എന്നിവർ സംസാരിച്ചു.
അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ റിപ്പോർട്ടും, എക്സിക്യുട്ടീവ് അംഗം ദിവാകരൻ വാര്യർ ആദരപത്രവും അവതരിപ്പിച്ചു. കുവൈറ്റ് കല ട്രസ്റ്റ് ചെയർമാൻ എംവി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ വിഎൻ വാസവൻ സ്വാഗതവും, ജനറൽ കണ്‍വീനർ ബി ശശികുമാർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് കല ട്രസ്റ്റ് സാംബശിവൻ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു
10:07 PM Jul 23, 2019 | Deepika.com