ഡാളസ്: ആത്മീയതയിൽ സംഭവിച്ച വീഴ്ച ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തിയതായി പ്രാസംഗികനും ഭാരതത്തിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന പാസ്റ്റർ ജോണ്സൻ മേമന പറഞ്ഞു. ജൂലൈ 21 മുതൽ 28 വരെ ഡാളസ് മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വാർഷിക സുവിശേഷ യോഗങ്ങളുടെ പ്രാരംഭ യോഗത്തിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു ബ്രദ. ജോണ്സൻ.
എല്ലാവരും നിന്ദാ വാക്കുകൾ പറഞ്ഞു വേദനിപ്പിക്കുന്പോൾ, തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന ദൈവം ഉണ്ടെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ കെ. ജോയ് പ്രാരംഭ പ്രാർഥന നടത്തി.
മറാനാഥ ചർച്ച് സ്ഥാപകനും പാസ്റ്ററുമായ ബെഥേൽ ജേക്കബ് എല്ലാ വർഷവും കണ്വൻഷൻ സംഘടിപ്പിക്കുവാൻ കഴിയുന്നത് ദൈവകൃപ ഓർത്തു മാത്രമാണെന്ന് പറഞ്ഞു. തുടർന്ന് സ്വാഗതം ആശംസിച്ചു. കേരളത്തിൽ നിന്നും എത്തിചേർന്ന ബർശേബ ഗോസ്പൽ വോയ്സ് ഗായകൻ കെ. പി. രാജൻ ഗാനമാലപിച്ചു. മാത്യു റോയ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ അനുഗ്രഹങ്ങൾക്കായി പ്രാർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ആത്മീയതയിൽ സംഭവിച്ച വീഴ്ച ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തി: ജോണ്സൻ മേമന
10:01 PM Jul 22, 2019 | Deepika.com