ബഷീറിയന്‍ ഓര്‍മ്മകളുമായി 'ആ മാങ്കോസ്റ്റിന്‍ ചോട്ടില്‍'

02:50 PM Jul 21, 2019 | Deepika.com
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട് 'ആ മാങ്കോസ്റ്റിന്‍ ചോട്ടില്‍' എന്ന പേരില്‍ സാഹിത്യ സദസ് സംഘടിപ്പിച്ചു. മംഗഫ് കല സെന്ററില്‍ വെച്ചു നടന്ന പരിപാടി പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും സമ്പുഷ്ടമായി. കാലത്തെ അതിജീവിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നു പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക കേരള സഭാംഗവും പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ സാം പൈനുംമൂട് പറഞ്ഞു. കല കുവൈത്ത് ഫഹാഹീല്‍ മേഖല പ്രസിഡന്റ് സജീവ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ 'ബഷീറിന്റെ പെണ്ണുങ്ങള്‍' എന്ന വിഷയത്തില്‍ മംഗഫ് ഈസ്റ്റ് യൂണിറ്റ് അംഗം ലിജ ചാക്കോയും, 'ബഷീര്‍: ജീവിതം, സാഹിത്യം' എന്ന വിഷയത്തില്‍ കല കുവൈറ്റ് ഫഹാഹീല്‍ മേഖല എക്‌സിക്യുട്ടീവ് അംഗം ജയകുമാര്‍ സഹദേവനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ബിനോയി തോമസ്, റിയാസ്, നാഗനാഥന്‍, മണികണ്ഠന്‍ വട്ടംകുളം, ഷെറിന്‍ ഷാജു, ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു. കല കുവൈത്ത് ഫഹാഹീല്‍ മേഖല സെക്രട്ടറി ഷാജു വി ഹനീഫ് സ്വാഗതം പറഞ്ഞ പരിപാടിക്ക് മേഖല എക്‌സിക്യുട്ടീവ് അംഗവും സാഹിത്യ വിഭാഗം ചുമതലക്കാരനുമായ സുരേഷ് കുമാര്‍ എല്‍എസ് നന്ദി രേഖപ്പെടുത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'പൂവന്‍പഴം' എന്ന കൃതിയെ ആസ്പദമാക്കി ഫഹാഹീല്‍ മേഖല പ്രസിഡന്റ് സജീവ് എബ്രഹാം അണിയിച്ചൊരുക്കി ബാലവേദി പ്രവര്‍ത്തകരായ ഋഷി പ്രസീദ്, ഫാത്തിമ ഷാജു എന്നിവര്‍ അവതരിപ്പിച്ച സ്‌കിറ്റും, ബഷീറിനെ കുറിച്ചുള്ള ഡ്യോക്യുമെന്ററി പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സൈഗാള്‍ സംഗീതത്തിന്റെ പശ്ചാതലത്തില്‍ ഗ്രാമഫോണും, ചാരുകസേരയും, കണ്ണടയും, കട്ടന്‍ചായയും, പുസ്തകങ്ങളുമൊക്കെയായി ഒരുക്കിയ വേദി വേറിട്ട അനുഭവമായി. ബഷീര്‍ കൃതികളുടെ പുറംചട്ടകളുടെ ചിത്രങ്ങള്‍ കൊണ്ട് ഒരുക്കിയ പ്രദര്‍ശനവും ഏറെ ശ്രദ്ദേയമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍