ദുബായ്: അബുദാബി മലയാളി സമാജത്തിൽ ഇനി മുതൽ വേനൽക്കുരുന്നുകളുടെ ചങ്ങാതിക്കൂട്ടം. ജൂലൈ 11 മുതൽ ചങ്ങാതിക്കൂട്ടം എന്ന പേരിൽ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മർക്യാന്പിന് തുടക്കമാവുകയാണ്.
15 ദിവസം നീണ്ടു നിൽക്കുന്ന ക്യാന്പ് ഡയറക്ടറായി, 30 വർഷമായി കിഡ്സ് പ്രോഗ്രാം കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന അലക്സ് താളുപാടത്ത് കേരളത്തിൽ നിന്നും എത്തുന്നു. അധ്യാപനം, ചവിട്ട് നാടക പരിശീലനം, നെഹ്റു യുവകേന്ദ്ര ട്രെയിനിംഗ്, കോ ഓർഡിനേറ്റർ തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഇദ്ദേഹത്തിന്, ഇത്തവണത്തെ ക്യാന്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കലാനുസൃതമായ ചിന്തകളും മൂല്യങ്ങളും പഠിപ്പിക്കുവാനും, നാടിനെ കുറിച്ചും കേരളപ്പെരുമയെ കുറിച്ചും മറ്റുമെല്ലാം കളികളിലൂടെയും പാട്ടുകളിലൂടെയും പകർന്ന് നൽകുവാനും കഴിയുമെന്നും സമാജം പ്രസിഡന്റ് ഷിബു വർഗീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
2019 ജൂലൈ 11 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന ക്യാന്പ് എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ആരംഭിച്ച് 8.30 ന് അവസാനിക്കും. കുട്ടികൾക്കാവശ്യമായ ഡയറികൾ, യൂണിഫോം, ബാഡ്ജുകൾ എന്നിവയെല്ലാം ക്രമീകരിച്ചു കഴിഞ്ഞു. ക്യാന്പിൽ പങ്കെടുക്കുതിനാവശ്യമായ രജിസ്ട്രേഷൻ ഫീസ് സമാജം അംഗങ്ങൾക്ക് 150 ദിർഹവും അംഗങ്ങളല്ലാത്തവർക്ക് 200 ദർഹവുമായിരിക്കും. യാത്രാസൗകര്യം മുസഫയിലുള്ളവർക്കായി ഒരുക്കിയിട്ടുണ്ടെന്നും, ബനിയാസ്, ഷഹാമ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് യാത്രാസൗകര്യം ആവശ്യമാണെങ്കിൽ ക്രമീകരിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
സമാജത്തിന്റെ വിശാലമായ ഓഡിറ്റോറിയത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 02 5537600 എന്ന നന്പറിൽ സമാജം ഓഫീസുമായോ 050 7217406 (ഷാജികുമാർ എസ്.എ) 050 1893090 (സലീം ചിറക്കൽ), എന്നീ നന്പറുകളിലോ ബന്ധപ്പെടാവുതാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സമാജം സമ്മർക്യാന്പ് ജൂലൈ 11 മുതൽ
10:59 PM Jul 08, 2019 | Deepika.com