ദമാം: സൗദി അറേബ്യയിലെ ദമാമിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ട മലപ്പുറം അരീക്കോട് ഉൗർങ്ങാട്ടിരി സ്വദേശി വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ഉച്ചക്ക് 1.30ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കളും ഭാരവാഹികളും ഏറ്റുവാങ്ങി. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലോടെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ ഏപ്രിൽ 6 നാണ് ദമാം ഖത്തീഫിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സക്കയിലിരിക്കെ പതിനെട്ടാംദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്യുന്ന അദ്ദേഹം ഒന്നര വർഷം മുന്‍പ് സ്പോണ്‍സർഷിപ്പ് മാറിയിരുന്നു.എന്നാൽ പുതിയ സ്ഥാപനം നിയമക്കുരുക്കിലാവുകയും വാസുദേവന്‍ ഇഖാമ പുതുക്കാനൊ നാട്ടിൽ പോവാനോ കഴിയാതെ വരികയും ചെയ്തു. ആരോഗ്യ ഇൻഷൂറൻസ് കാലാവധി തീർന്നിരുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ഭീമമായ സംഖ്യയുടെ ബിൽ അടക്കാനുണ്ടായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ആശുപത്രിയധികൃതരുമായും കുടുംബവുമായും ബന്ധപ്പെട്ട് ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സ്പോണ്‍സറുടെ നിസഹകരണവും രേഖകൾ ഇല്ലാത്തതും തടസമായി. തുടർന്ന് ഇന്ത്യൻ എംബസിയുടെ അനുമതിയോടെയും ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ചും വിദഗ്ദ ചികിത്സക്കായി തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
തുടർന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ സൗദിയിലെ തൊഴിൽആരോഗ്യ വിഭാഗം അധികാരികളെ സമീപിക്കുകയും ഒട്ടേറെ നിയമ നടപടികൾക്കും ചർച്ചകൾക്കും ശേഷം മൃതദേഹം വിട്ട് നൽകാൻ ആശുപത്രി അധികൃതർ തയ്യാറാവുകയും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം ഖത്വീഫ് ബ്ലോക്ക് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകനുമായ ഷാഫി വെട്ടം, വോളണ്ടിയർമാരായ ഷാജഹാൻ കൊടുങ്ങല്ലൂർ, റഹീസ് കടവിൽ, സിറാജുദീൻ ശാന്തിനഗർ, സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗങ്ങളായ നമിർ ചെറുവാടി, അബ്ദുസ്സലാം മാസ്റ്റർ, അലി മാങ്ങാട്ടൂർ, മരണപ്പെട്ട വാസുദേവന്റെ സഹോദരൻ സുരേന്ദ്രൻ എന്നിവരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
നേതാക്കളായ മുനവ്വിർ അരീക്കോട്, റഷീദ് അരീക്കോട് എന്നിവർ വാസുദേവന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും നാട്ടിലെ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം കൃഷ്ണൻ എരഞ്ഞിക്കൽ, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാരക്കുണ്ട്, സോഷ്യൽ ഫോറം ദമാം സ്റ്റേറ്റ് പ്രസിഡൻറ് നാസർ കൊടുവള്ളി, ജീവ കാരുണ്യവിഭാഗം കണ്‍വീനർ കുഞ്ഞിക്കോയ താനൂർ, അബഹ സോഷ്യൽ ഫോറം പ്രതിനിധി സഈദ് മൗലവി അരീക്കോട്, എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ ഷൗക്കത്ത് കരുവാരക്കുണ്ട്, ഹംസ, കെകെ.പി ജലീൽ, അഹ്മദ് പി.എം, മാനു തുടങ്ങിയവർ എയർപോർട്ടിൽ മൃതദേഹം ഏറ്റുവാങ്ങി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ദമാമിൽ മരിച്ച വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറം
12:09 AM Jun 27, 2019 | Deepika.com