അനുഗ്രഹംചൊരിഞ്ഞ ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം

03:30 PM Jun 26, 2019 | Deepika.com
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും അനുഭവമായി. മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം സ്‌നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുമ്പായി ഷിക്കാഗോ ചെണ്ടക്ലബ് അവതരിപ്പിച്ച ചെണ്ടമേളം മികവുറ്റതായി.

കുടുംബ സംഗമം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് ദാനിയേല്‍ ജോര്‍ജ് അച്ചന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ പൊതുസമ്മേളനം ആരംഭിക്കുകയും ചെയ്തു. കുടുംബ സംഗമത്തിന്റെ ചെയര്‍മാന്‍ മോണ്‍. തോമസ് മുളവനാല്‍ ഏവരേയും സ്വാഗതം ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ബബു മഠത്തില്‍പറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തി.

കുടുംബ സംഗമത്തിന്റെ മുഖ്യാതിഥികള്‍ ചങ്ങനാശേരി സീറോ മലബാര്‍ അതിരൂപതയുടെ മെത്രാന്‍ അഭി. മാര്‍ തോമസ് തറയില്‍ പിതാവും, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷന്‍ അഭി. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം പിതാവും കുടുംബ സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രഭാഷണം നടത്തി.

കേരളത്തില്‍ ഭവന രഹിതരായ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായം യോഗത്തില്‍ വെച്ച് നല്‍കുകയും, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ സാമ്പത്തിക സഹായം നല്‍കിയ സ്‌പോണ്‍സര്‍മാരെ ഫലകങ്ങള്‍ നല്‍കി ആദരിച്ച് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അഞ്ചോ അതില്‍കൂടുതലോ മക്കളുള്ള മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങും ഈവര്‍ഷത്തെ പ്രത്യേകതയായിരുന്നു. ചടങ്ങിന് ഫാ. സുനീത്ത് മാത്യു, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പി മാത്യു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബഞ്ചമിന്‍ തോമസ് എം.സിയായി യോഗ നടപടികള്‍ നിയന്ത്രിച്ചു.

പൊതുസമ്മേളനാനന്തരം നടന്ന എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമിന്റെ അവതാരകരായി പ്രവര്‍ത്തിച്ച ഷൈനി ജേക്കബിനേയും, ജാസ്മിന്‍ ഇമ്മാനുവലിനേയും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷീബാ ഷാബു സദസിന് പരിചയപ്പെടുത്തുകയും അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.

മനോഹരങ്ങളായ സ്‌കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍, ഉപകരണ സംഗീതം എന്നിവ ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി. സമ്മേളനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വന്ദ്യ സക്കറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സമാപന പ്രാര്‍ത്ഥനയോടെയും അഭി. മാര്‍ ക്രിസോസ്റ്റം പിതാവിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെയും കുടുംബ സംഗമത്തിന് പരിസമാപ്തിയായി.

കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് റവ. മോണ്‍ തോമസ് മുളവനാല്‍ ചെയര്‍മാനായും, ബഞ്ചമിന്‍ തോമസ്, ഡോ. സിബിള്‍ ഫിലിപ്പ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും, ഷീബാ ഷാബു, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും മറ്റു മുപ്പതോളം പേര്‍ അടങ്ങുന്ന സബ് കമ്മിറ്റിയും നേതൃത്വം നല്‍കി.

റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ (പ്രസിഡന്റ്), റവ. സുനീത് മാത്യു (വൈസ് പ്രസിഡന്റ്), ജോര്‍ജ് മാത്യു (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), സിനില്‍ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം