മയാമി: പാംബീച്ച് കൗണ്ടി സ്കൂൾ ഡിസ്ട്രിക്ടിലെ പ്രശസ്തമായ സണ്‍കോസ്റ്റ് ഹൈസ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടുകൂടി ഫിലിപ്പ് പാറയിൽ വാലിഡിക്ടോറിയനായി.
പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ച ഈ മിടുക്കനെ തേടി ഒട്ടനവധി സ്കോളർഷിപ്പുകളും അവാർഡുകളും എത്തിയിട്ടുണ്ട്.
സ്കൂളിലെ സ്പാനിഷ് ഹോണർ സൊസൈറ്റി പ്രസിഡന്റും, നാഷണൽ ഹോണർ സൊസൈറ്റിയുടെ ട്രഷററായും, മൂ ആൽഫാ തീറ്റാ ക്ലബിലൂടെയും തന്റെ നേതൃത്വ വാസന തെളിയിച്ചു. ഇദ്ദേഹം സണ്കോറ്റ് റൈറ്റിംഗ് ലാബിലെ മികച്ച ട്യൂട്ടറായി മാത്സ്, ഫിസിക്സ്, ഗ്രാമർ എന്നീ വിഷയങ്ങളിൽ പഠനത്തിന് പിന്നോക്കം നിന്നിരുന്ന സഹപാഠികൾക്ക് പഠന വിഷയങ്ങൾ പറഞ്ഞുകൊടുത്ത് സഹായം ചെയ്യുവാൻ സമയം കണ്ടെത്തി മാതൃകയാകാനും ഈ മിടുക്കന് കഴിഞ്ഞു.
അമേരിക്കയിലെ പ്രശസ്തമായ നിരവധി യൂണിവേഴ്സിറ്റികളിൽ നിന്നും അഡ്മിഷൻ ലഭിച്ചെങ്കിലും ജോർജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഏഴു വർഷത്തെ ബി.എ.എം.ഡി പ്രോഗ്രാമിൽ ചേർന്ന് ഓർത്തോപീഡിക് ഡോക്ടറാകുവാനാണ് ഈ കൊച്ചുമിടുക്കൻ ആഗ്രഹിക്കുന്നത്.
പാംബീച്ചിലെ വെല്ലിംഗ്ടണ്‍ നഗരത്തിൽ താമസിക്കുന്ന പാലാ കൊഴുവനാൽ പാറയിൽ മാത്യു (സുനിൽ) ബിസിനസ് ക്രിസ്റ്റി എം. പാറയിൽ (ഫാർമസിസ്റ്റ്) ദന്പതികളുടെ പുത്രനാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
തിളക്കമാർന്ന വിജയവുമായി ഫിലിപ്പ് പാറയിൽ
10:38 PM Jun 25, 2019 | Deepika.com