ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും

12:38 PM Jun 25, 2019 | Deepika.com
ഷിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എത്തുന്നു.

മലങ്കര നസ്രാണികളുടെ ആത്മവീര്യവും, അഭിമാനബോധവും നെഞ്ചിലേറ്റിക്കൊണ്ട് എന്നും പൗരസ്ത്യ കാതോലിക്കേറ്റിന്‍ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇടശ്രേഷ്ഠന്‍, ദീര്‍ഘവീക്ഷണത്തിന്റേയും ഭരണമികവിന്റേയും, നിശ്ചയദാര്‍ഢ്യത്തിന്റേയും ഭാവങ്ങളെ സമന്വയിപ്പിക്കുന്ന അജപാലകന്‍, വൈദീക സെമിനാരി പ്രൊഫസര്‍, 'വര്‍ക്ക് ഈസ് വര്‍ഷിപ്പ്' എന്ന പ്രമാണം അന്വര്‍ത്ഥമാക്കുംവിധം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടയശ്രേഷ്ഠന്‍, ഏതു പ്രവര്‍ത്തിയും സഭയുടെ ഉന്നതി മാത്രം ലക്ഷ്യംവെയ്ക്കുന്ന സഭാസ്‌നേഹി, കഴിഞ്ഞ ഒരു നൂറ്റാണ്ടായി സഭയെ പിടിച്ചുലച്ച കക്ഷി വഴക്കില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ ബഹു. സുപ്രീം കോടതിയില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി ലഭിക്കുവാന്‍ അഹോരാത്രം അധ്വാനിച്ച നിയമജ്ഞന്‍, എല്ലാ കാര്യങ്ങളിലും പ. കാതോലിക്കാ ബാവ തിരുമേനിയോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്ന വിധേയത്വമനോഭാവം എന്നിങ്ങനെ ഒട്ടനവധി ജീവിതദൃശ്യങ്ങള്‍ കൈമുതലായ ശ്രേഷ്ഠ പിതാവ് പരിശുദ്ധ സഭയുടെ ഒരു വരദാനമാണെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഫറന്‍സില്‍ അഭി. തിരുമേനിയുടെ സാന്നിധ്യം തികച്ചും അനുഗ്രഹപ്രദമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. പി.ആര്‍ കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം