"പ്രവാസി വ്യവസായി സാജന്‍റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം'

09:17 PM Jun 22, 2019 | Deepika.com
ഹൂസ്റ്റൺ: പ്രവാസി സംരംഭകനായ സാജനെ ആത്‌മഹത്യയിലേക്കു നയിച്ചത് ആന്തൂർ നഗരസഭയുടെ നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും
അദ്ദേഹത്തിന്‍റെ മരണത്തിനു ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ്‌ (ഡബ്ല്യുഎംസി ) പ്രസിഡന്‍റ് ജോമോൻ ഇടയാടി ആവശ്യപ്പെട്ടു.

വിദേശത്തു പോയി പണിയെടുത്തു നാടിനുകൂടി ഒരു സാമ്പത്തിക നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ പലതരത്തിൽ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. ഏറ്റവും ഒടുവിലായി സാജൻ എന്ന പ്രവാസിയുടെ ആത്മഹത്യയിൽ വരെ എത്തിനിൽക്കുന്ന സാഹചര്യം ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണ്. പ്രവാസി സംരംഭകനായ സാജനെ മരണത്തിലേക്ക് നയിച്ചത് ആന്തൂർ നഗരസഭയുടെ പ്രവർത്തനമാണ്. മരണത്തിനു ഉത്തരവാദിയായി സാജന്‍റെ ഭാര്യ ബീന ചൂണ്ടിക്കാട്ടിയത് നഗരസഭാ ചെയർപേഴ്‌സന്‍റെ ഭീഷണിയാണ്. താൻ ഇവിടെ ഇരിക്കുന്നിടത്തോളം കാലം സാജന്‍റെ ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകില്ലെന്ന് പറഞ്ഞതായി ബീന ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥന്മാരെ സസ്‌പെൻഡു ചെയ്‌തതു കൊണ്ട് മാത്രം കാര്യമില്ല.

ഇന്നത്തെ രാഷ്ട്രീയ സംവിധാനങ്ങൾ പ്രവാസികളുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല.വികസന മുടക്കികളായവർ കേരളത്തോട് മാപ്പ് പറഞ്ഞു സാജന്‍റെ മരണത്തിനു ഉത്തരവാദികളായവരെ ജയിലിലടക്കാൻ തയാറാകണം. ഈ മരണത്തിനു ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ഭരണകൂടത്തെക്കാൾ ജനത്തിന് വിശ്വാസം കോടതികളിലാകുന്നതിന്‍റെ കാരണം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിലുള്ള ജനത്തിന്‍റെ വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടാണെന്നും ജോമോൻ പറഞ്ഞു .

റിപ്പോർട്ട് : ജീമോൻ റാന്നി