പ്രവാസിയുടെ ആത്മഹത്യ: ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ അപലപിച്ചു

03:50 PM Jun 21, 2019 | Deepika.com
കുവൈത്ത്: കണ്ണൂരിലെ അന്തൂർ നഗരസഭയുടെ കെടുകാര്യസ്ഥതമൂലം പ്രവാസി സംരംഭകൻ സാജൻ ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തെ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത്‌ ചാപ്റ്റർ അപലപിച്ചു.

കൊല്ലം ഐക്കരകോണത്ത്‌ 2018 ൽ ആത്മഹത്യ ചെയ്ത സുഗതന്‍റെ വർക് ഷോപ്പ്‌ വെല്ലുവിളികളും അനാവശ്യ തടസങ്ങളും തരണം ചെയ്ത്‌ പൂർത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയത്‌ ജികെപിഎ ആയിരുന്നു. ഇനിയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ ആത്മഹത്യാ പ്രേരണക്ക്‌ കേസെടുക്കണമെന്ന് കുവൈത്ത്‌ ചാപ്റ്റർ പ്രസിഡന്‍റ് പ്രേംസൺ കായംകുളം ആവശ്യപ്പെട്ടു.

ജികെപിഎ കണ്ണൂർ ജില്ലാ ഭാരവാഹികൾ ഇതിനായ്‌ രംഗത്ത്‌ ഉണ്ട്‌. ഇനിയും ഒരുപ്രവാസിയും ആത്മഹത്യ ചെയ്യാൻ ഇടവരരുത്. സുഗതന്‍റെ മരണത്തിനു കാരണക്കാർ ശിക്ഷിക്കപ്പെടാത്തതാണു ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ഈ വിഷയത്തിൽ ഭരണവർഗത്തിന്‍റെ കെടുകാര്യസ്ഥതക്ക്‌ മാപ്പില്ല. ജികെപിഎ നിലകൊള്ളുന്നത്‌ പ്രവാസി പുരധിവാസം സാധ്യമാകാൻ ആണെന്നും അതിനായ്‌ എല്ലാ പ്രവാസികളെയും രാഷ്ട്രീയ സാമുദായിക ഭേദമെന്യെ ഒരു കുടക്കീഴിൽ അണിനിരത്തുമെന്നും മുൻ കോർ ചെയർമാൻ മുബാറക്ക്‌ കാമ്പ്രത്ത്‌ അറിയിച്ചു.

സാജന്‍റെ കുടുംബത്തിന് നിയമ നടപടികൾ അനുകൂലമാകുവാൻ ജികെപിഎ ആഗോളതലത്തിൽ പ്രവാസികളുടെ ഐക്യദാർഢ്യം നേടുമെന്നും 12 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും സംഘടനക്ക്‌ ഉള്ള വേരോട്ടം ഇതിനായ്‌ ഉപയോഗിക്കാൻ സാധ്യമാകുമെന്നും കുവൈത്ത്‌ ചാപ്റ്റർ സെക്രെട്ടറി എം.കെ. പ്രസന്നൻ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ