ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ഫണ്ടിലേക്ക് ഒഴുകി എത്തിയത് 24.8 മില്യൺ ഡോളർ

10:19 PM Jun 20, 2019 | Deepika.com
ഫ്ളോറിഡ: ട്രംപിന്‍റെ 2020 ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ളോറിഡയിലെ ഒർലാൻഡോയിൽ സംഘടിപ്പിച്ച റാലിയോടെയാണ് തുടക്കമായി. ജൂൺ 18 ന് നടന്ന റാലിയിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പങ്കെടുത്തത്.

ട്രംപിന്‍റെ സ്പിരിച്വൽ അഡ്വൈസർ പോളാ വൈറ്റിന്റെ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ശത്രുക്കളെ തകർത്ത് ജയഭേരിയോടെ ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

നാലുവർഷം മുന്പ് ട്രംപ് ഉയർത്തിയ മുദ്രാവാക്യം മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പൂർണ അർഥത്തിൽ പ്രാവർത്തികമാക്കുന്നതിന് എല്ലാവരുടെയും പിന്തുണ ട്രംപ് അഭ്യർഥിച്ചു. 76 മിനിട്ട് നീണ്ടു നിന്ന പ്രസംഗത്തിൽ ഗവൺമെന്‍റിന്‍റെ നേട്ടങ്ങളെയും ഇസ്രയേൽ രാഷ്ട്രത്തിന് നൽകിയ അംഗീകാരത്തെയും അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ച നയങ്ങളേയും ട്രംപ് പരമർശിച്ചു. റാലിയുടെ ഭാഗമായി നടത്തിയ തെരഞ്ഞെടുപ്പ് ഫണ്ട് കളക്‌ഷനിൽ 24 മണിക്കൂറിനുള്ളിൽ 24.8 മില്യൺ ഡോളറാണ് പിരിഞ്ഞു കിട്ടിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ