സിറില്‍ മുകളേലിന്റെ നോവല്‍ ഓഗസ്റ്റില്‍ പ്രകാശനം ചെയ്യും

12:43 PM Jun 18, 2019 | Deepika.com
മിനസോട്ട: ആധുനിക യുഗത്തിന്റെ ശാപമായിക്കൊണ്ടിരിക്കുന്ന വംശീയതയ്ക്കും വിഭാഗിക ചിന്തകള്‍ക്കും വിരാമമുണ്ടാകണമെന്ന ലക്ഷ്യവുമായി അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ സിറിള്‍ മുകളേല്‍ എഴുതിയ Life in a Faceless World എന്ന ഇംഗ്ലീഷ് നോവല്‍ ഓഗസ്റ്റ് പത്തിനു പ്രകാശനം ചെയ്യും. ഇതിന്റെ മുന്നോടിയായി മിനസോട്ടയിലെ സാവജ് സിറ്റി ഹാളില്‍ ചേര്‍ന്ന ചടങ്ങ് ഡോ. എം.ജെ തോമസ് (റിട്ട. പ്രഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍), പ്രമുഖ ഹൈഡ്രോളജിസ്റ്റ് ഡോ. രാമനാഥനും ചേര്‍ന്നു നിര്‍വഹിച്ചു.

ഓരോരുത്തരും തങ്ങളേക്കാള്‍ വ്യത്യസ്തരായവരെ കൂടുതല്‍ മനസ്സിലാക്കുവാനും അവരുടെ കണ്ണുകളില്‍ക്കൂടെയും ലോകത്തെ ദര്‍ശിച്ചു മതിലുകള്‍ക്കു പകരം പാലങ്ങള്‍ പണിയുവാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഇതിലെ വരികളില്‍, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊര്‍ജം കണ്ടെത്താനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു. സാധാണക്കാരുടെ ജീവിതവും സ്വപ്നങ്ങളുമാണ് തനിക്കെന്നും പ്രചോദനം എന്നഭിപ്രായപ്പെട്ട സിറില്‍ മുകളേല്‍, Loft Inroads Fellowship ഉം ഇംഗ്ലീഷ് / മലയാള സാഹിത്യരംഗത്തു നിരവധി പുരസ്‌കാരങ്ങളും നേടി പ്രതിഭ തെളിയിച്ച വ്യക്തിയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം