മതവിശ്വാസം പ്രതിരോധ കുത്തിവയ്പു നിഷേധിക്കുന്നതിനുള്ള അവകാശമല്ല; പുതിയ ബിൽ ന്യൂയോർക്കിൽ നിയമമായി

04:32 PM Jun 14, 2019 | Deepika.com
ന്യൂയോര്‍ക്ക്: മതവിശ്വാസത്തിന്‍റെ പേരില്‍ പ്രതിരോധ കുത്തിവയ്പ് നിഷേധിക്കാനുള്ള അവകാശം എടുത്തുകളയുന്ന പുതിയ ബില്ല് ന്യൂയോര്‍ക്ക് അസംബ്ലി പാസാക്കി.ജൂണ്‍ 14 ന് അവതരിപ്പിച്ച ബിൽ അടിയന്തര പ്രാധാന്യം കണക്കിലെടുത്തു ഗവര്‍ണര്‍ ആന്‍ഡ്രു കുമോ ഒപ്പുവച്ചു നിയമമാക്കുകയായിരുന്നു.

കലിഫോര്‍ണിയ, അരിസോണ, വെസ്റ്റ് വെര്‍ജിനിയ, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിയമം അംഗീകരിച്ചിരുന്നു.അമേരിക്കയിലുടനീളം പ്രത്യേകിച്ച് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ മീസെല്‍സ് നിയന്ത്രണാതീതമായതിനാലാണ് പ്രതിരോധ കുത്തിവയ്പിന് നിര്‍ബന്ധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസം ഈ വിഷയത്തില്‍ താല്‍ക്കാലികമായി നിരോധനമേൽപ്പെടുത്താൻ നിര്‍ബന്ധമായതായും ഇവര്‍ പറയുന്നു.

ബ്രൂക്ക്‌ലിന്‍, റോക്ക്‌ലാൻഡ് കൗണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഓര്‍ത്തഡോക്‌സ് ജൂയിഷ് കമ്യൂണിറ്റിയിലാണ് ഈ രോഗം കൂടുതല്‍ വ്യാപകമായിരുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. സഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ സാമാജികര്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുന്നതില്‍ ആരും വീഴ്ചവരുത്തതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

അതേസമയം ബില്‍ പാസായതിനെ തുടര്‍ന്നു ബില്ലിനെ എതിര്‍ത്തുകൊണ്ട് യുവജനങ്ങളും കുട്ടികളുമായി നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

റിപ്പോർട്ട്:പി.പി. ചെറിയാൻ