ഫുജൈറ: ഗിഹോണ്‍ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് രണ്ടാമത് ബിരുദദാന സമ്മേളനം റാസ് അൽ കൈമ സെയിന്റ് ലൂക്ക് ചർച്ചിൽ വച്ചു നടത്തപ്പെട്ടു. സെമിനാരി ഡയറക്ടർ റവ. എം. വി സൈമണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റവ. ഡോ. ജോർജ് സി. കുരുവിള (യുഎസ്എ) മുഖ്യാതിഥിയായിരുന്നു. ’ക്രിസ്തുവിന്റെ സാക്ഷികൾ ’ എന്നതായിരുന്നു സമ്മേളനത്തിന്റെ തീം.
സെമിനാരി ഫാക്കൽറ്റി പ്രൊഫ. ജോർജി തോമസ് അവതാരകനായിരുന്നു. പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ സ്വാഗത പ്രസംഗം നടത്തി. സെമിനാരി ഡയറക്ടർ റവ. എം.വി സൈമണ്‍ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ പാ. കെ.എസ്. എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ബിരുദധാരികളെ പ്രതിനിധികരിച്ചു ഷാജി ഐക്കര, ഷാജി വർഗീസ്, പാ.ജോണ്‍ ബിനു, പാ. ബ്ലസണ്‍ ബാബു എന്നിവർ പ്രസംഗിച്ചു. മുഖ്യാതിഥിയായ റെവ. ഡോ. ജോർജ് സി. കുരുവിള കമ്മീഷനിംഗ് മെസേജ് നൽകി. അക്കാഡമിക് ഡീൻ റവ.ഡോ. ജോസഫ് മാത്യു ഉദ്ബോധന പ്രസംഗം നടത്തി. റവ. സാക് ജോണ്‍ കമ്മീഷനിംഗ് പ്രാർഥന നയിച്ചു.
ജി.റ്റി.എസ് ഫാക്കൽറ്റി അംഗങ്ങളായ പാ.മാണി ഇമ്മാനുവേൽ, പാ. സാജു ജേക്കബ്, ഡഗ്ളസ് ജോസഫ് (മീഡിയ കോർഡിനേറ്റർ) എന്നിവർ പ്രാർത്ഥന ശ്രുശ്രുഷ നിർവഹിച്ചു. സോളമൻ ഡേവിഡ് ( വൈ. എംസിഎ ഷാർജ ), ഡീബു (ഐസിപിഎഫ്) പാ. വർഗീസ് ചാക്കോ (ഐപിസി ഷാർജ ), പ്രൊഫ. ബിനു രാജ് ( ജിറ്റിഎസ് ഫാക്കൽറ്റി) എന്നിവർ ആശംസകൾ നേർന്നു. സെമിനാരി അഡ്മിനിസ്ട്രേറ്റർ എം. ജെ തോമസ് നന്ദി പറഞ്ഞു.
എം.ഡിവ്, ബി. റ്റിഎച്ച്, ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയ പതിനാറു വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു. ഇൻറ്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ അംഗീകാരമുള്ളവയാണ് ഗിഹോണ്‍ സെമിനാരിയുടെ കോഴ്സുകൾ. 2015 ൽ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ ഷാർജ, റാസൽ കൈമ, ഉമ്മൽ ക്വയ്ൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.
റിപ്പോർട്ട് ഡഗ്ലസ് ജോസഫ്
ഗിഹോണ്‍ തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം
11:03 PM Jun 12, 2019 | Deepika.com