റിയാദ്: പ്രശസ്ത എഴുത്തുകാരനും സിനിമാ സംവിധായകനും നാടകകൃത്തും നടനും പുരോഗമന പ്രവർത്തകനുമായ ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു. സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യൻ കലാരംഗത്തിന് മികച്ച സംഭാവനകൾ നൽകിയ പ്രതിഭയായിരുന്ന ഗിരീഷ് കർണാട്.
സംഘപരിവാർ ഫാസിസ്റ്റുകളുടെ വേട്ടയാടലുകൾക്ക് മുന്നിൽ തലകുനിക്കാത്ത സാംസ്കാരിക സാന്നിധ്യമായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പരസ്യമായി പ്രതിഷേധിച്ച അദ്ദേഹത്തെ സംഘപരിവാർ പലവിധത്തിലും വേട്ടയാടിയപ്പോഴും മതനിരപേക്ഷ, പുരോഗമന ധാരയ്ക്ക് ശക്തി പകർന്ന് മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ നിർഭയം പോരാടിയ കലാകാരനായിരുന്നു അദ്ദേഹമെന്നും കേളി സെക്രട്ടറിയേറ്റ് അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യൻ നാടകവേദിയുടെ വളർച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകൾ നൽകിയ കലാകാരനായിരുന്നു ഗിരീഷ് കർണാട്. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങൾ നടത്തി. ജ്ഞാനപീഠ പുരസ്കാരവും പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങളും ലഭിച്ച ഗിരീഷ് കർണാട് കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു. ഗിരീഷ് കർണാട് തന്റെ നാടകങ്ങളിലൂടെ സമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളെ സംവാദമാക്കി മാറ്റി. ചരിത്രവും ഐതിഹ്യങ്ങളും വർത്തമാനകാല സംഭവ വികാസങ്ങളുമായി അദ്ദേഹം കോർത്തിണക്കി.
ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ റിയാദ് കേളി അനുശോചിച്ചു
10:56 PM Jun 10, 2019 | Deepika.com