ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപത വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്വൻഷന് ഹൂസ്റ്റണിൽ ഒരുക്കംതുടങ്ങി. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള കൺവൻഷന് അതിഥേയത്വം വഹിക്കുന്നതു ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ഹൂസ്റ്റണിലെ ഹിൽട്ടണ്‍ അമേരിക്കാസ് കണ്വൻഷൻ നഗറിലാണ് കണ്വൻഷൻ. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാർ ഇടവകകളിൽനിന്നും നാല്പത്തിയഞ്ചോളം മിഷനുകളിൽ നിന്നുമാണു കണ്‍വൻഷനിൽ പങ്കെടുക്കാൻ വിശ്വാസികൾഎത്തുക.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് കണ്‍വൻഷന്റെ മുഖ്യ രക്ഷാധികാരി. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായും സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കണ്‍വീനറായും ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കണ്‍വീനറായും കമ്മിറ്റി പ്രവർത്തിക്കുന്നു. ഇടവകയിലെ മുപ്പതിൽപരം അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ഇവരുടെ കീഴിൽ നാല്പതോളം കമ്മറ്റികൾ കഴിഞ്ഞ 18 മാസങ്ങളായി പരിപാടിയുടെ വിജയത്തിനു പ്രവർത്തിക്കുന്നു.
കണ്‍വൻഷനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓപ്പണിംഗ് പ്രോഗ്രാം നയിക്കുന്നതു ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ.ഷാജി തുന്പേച്ചിറയിലാണ്. ഹൂസ്റ്റണിലെ വിവിധ വേദികളിലായി റിഹേഴ്സൽ നടന്നുവരികയാണ്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവകയിലെ 320 പേരാണ് ഓപ്പണിംഗ് പരിപാടിയൊരുക്കുന്നത്. കേരളീയ നാടൻ കലാരൂപങ്ങൾക്കൊപ്പം നൂതന കലാരൂപങ്ങളും കോർത്തിണക്കി ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദൃശ്യവിസ്മയമാണ് ഓപ്പണിംഗ് പരിപാടി.
കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും നടക്കും. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ- ആത്മീയ പ്രഭാഷകർ സന്ദേശം നല്‍കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതനിശയും സമാപനദിനത്തിൽ അരങ്ങേറും.
ജോയ് ആലൂക്കാസിന്റെ ഉടമസ്ഥതയിലുള്ള ജോയ് ആലൂക്കാസ് ജൂവൽസും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയായ സിജോ വടക്കന്റെ ട്രിനിറ്റി ഗ്രൂപ്പുമാണ് കണ്‍വൻഷന്റെ പ്രധാന പ്രായോജകർ. സിജോ വടക്കനാണ് കണ്‍വൻഷന്റെ മുഖ്യ പ്രായോജകർ. റാഫിൾ ടിക്കറ്റിന്റെ ബിഎംഡബ്ല്യു കാർ സ്പോണ്സർ ചെയ്തിരിക്കുന്നത് ജോയ് ആലൂക്കാസാണ്.
2018 സെപ്റ്റംബർ 16ന് കണ്വൻഷൻ ജനറൽ കണ്‍വീനർ മാർ ജോയ് ആലപ്പാട്ടാണ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തിൽ രജിസ്ട്രേഷൻ കിക്കോഫിന്റെ ഉദ്ഘാടനംനിർവഹിച്ചത്. തുടർന്ന് വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ കിക്കോഫ് വിജയകരമായി നടന്നു. കണ്‍വൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്. smnchouston.org എന്ന കണ്‍വൻഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
അമേരിക്കൻ സീറോ മലബാർ വിശ്വാസികളുടെ സംഗമം ഹൂസ്റ്റണിൽ
10:35 PM Jun 10, 2019 | Deepika.com