പ്രിവിലേജ്‌ഡ്‌ ഇഖാമ: ഫീസ് എട്ടു ലക്ഷം

10:04 PM May 19, 2019 | Deepika.com
ദമാം: സൗദിയിൽ വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖയായ പ്രിവിലേജ് ഇഖാമ നൽകുന്നതിന് ശൂറാ കൗൺസിലും സൗദി മന്ത്രിസഭയും നേരത്തെ അംഗീകാരം നൽകിയിരുന്നു.

വ്യവസ്ഥകൾക്കു വിധേയമായി വിദേശികൾക്ക് രണ്ടു തരത്തിലുള്ള പ്രിവിലേജ്‌ഡ്‌ ഇഖാമ അനുവദിക്കാനാണ് ശൂറാ കൗൺസിലും മന്ത്രിസഭയും അംഗീകാരം നൽകിയത്.
ഇതിൽ സ്ഥിരം ഇഖാമ ലഭിക്കുന്നതിന് ഏകദേശം ഒന്നരക്കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ എട്ടു ലക്ഷം സൗദി റിയാൽ ഫീസാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഓരോ വർഷവും പുതുക്കാവുന്ന ഇഖാമയ്ക്കു ഏകദേശം പത്തൊൻപതു ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്കു തുല്യമായ ഒരു ലക്ഷം റിയാൽ ചെലവ് വരും.
സൗദിയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ചു സ്ഥിരം ഇഖാമയും താൽക്കാലിക ഇഖാമയും അനുവദിക്കും.
കൂടാതെ വിവിധ മേഖലകളിലെ പ്രതിഭകൾക്കും പ്രിവിലേജ് ഇഖാമ അനുവദിക്കുമെന്നാണ് കരുതുന്നത്.

പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന വിദേശികൾക്ക് സ്വദേശികൾക്കു ലഭിക്കുന്നതിനു സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് ലഭിക്കുക. സ്‌പോൺസർഷിപ്പ് നിയമത്തിൽനിന്നും പ്രിവിലേജ് ഇഖാമ ലഭിക്കുന്നവരെ ഒഴിവാക്കും.
എന്നാൽ രാജ്യത്ത് നിലവിലുള്ള സ്‌പോൺസർഷിപ്പ് നിയമം അതേപടി തുടരുകയും ചെയ്യും.

റിപ്പോർട്ട്:അനിൽ കുറിച്ചിമുട്ടം