എറണാകുളം: ശ്ലൈഹിക സന്ദർശനത്തിനായി ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു
വരുന്ന ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷൻ പരി. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ 24 മുതൽ 27 വരെ കേരളത്തിൽ സന്ദർശനം നടത്തും. പാത്രിയർക്കിസ് ബാവക്കുള്ള സന്ദർശന ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
24 ന് രാവിലെ 9ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പരി. പിതാവിനെയും സംഘത്തെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
സ്വീകരണത്തിനുശേഷം കുമരകത്തേക്കു പോകും. വൈകിട്ട് 3 ന് മഞ്ഞനിക്കര ദയറായിലെത്തി പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവായുടെ കബറിടത്തിൽ പ്രാർഥന നടത്തും. തുടർന്നു മഞ്ഞനിക്കര ദയറായിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ അധ്യക്ഷനാകും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സുറിയാനി സഭയുടെ മെത്രാപ്പോലീത്ത·ാരായ തോമസ് മോർ തീമോത്തിയോസ്, ജോസഫ് മോർ ഗ്രീഗോറിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ് എന്നീ തിരുമേനിമാരും സംബന്ധിക്കും.
ശനിയാഴ്ച രാവിലെ 8ന് മഞ്ഞനിക്കര ദയറാ കത്തീഡ്രലിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബാനയർപ്പിക്കും. ഉച്ചയ്ക്ക് 3 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സ്വീകരണം. തുടർന്നു നടക്കുന്ന എപ്പിസ്കോപ്പൽ സുന്നഹദോസിലും സഭാ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി യോഗത്തിലും സംബന്ധിക്കും. വൈകിട്ട് 6.30ന് പുത്തൻകുരിശ് മലേക്കുരിശ് ദയറായിൽ ധ്യാനകേന്ദ്രവും പുതിയ ദയറാ കെട്ടിടവും കൂദാശ ചെയ്യും.
26 ഞായർ രാവിലെ8.15ന് പരി. പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മലേക്കുരിശ് ദയറായിൽ കുർബാനയർപ്പിക്കും. തുടർന്നു നടക്കുന്ന വിവാഹകൂദാശകളിലും സംബന്ധിക്കും. വൈകിട്ട് 6ന് പാന്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയുടെ കൂദാശ നിർവഹിക്കും. 27ന് രാവിലെ 10.30ന് പരിശുദ്ധ പിതാവ് ഒൗദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരികെ പോകും.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
പാത്രിയർക്കിസ് ബാവ 24 മുതൽ 27 വരെ കേരളത്തിൽ സന്ദർശനം നടത്തും
11:48 PM May 14, 2019 | Deepika.com