കലിഫോർണിയ: ഹോളിവുഡ് നടി ഡോറിസ് ഡേ (97) അന്തരിച്ചു. ഡോറിസ് ഡേ ആനിമൽ ഫൗണ്ടേഷൻ നടിയുടെ മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച കലിഫോർണിയയിലെ കാർമൽ വാലിയിലായിരുന്നു മരണം. ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയതെന്ന് ഫൗണ്ടേഷൻ എപി വാർത്താ ഏജൻസിയോടു പറഞ്ഞു.
സിൻസിനാട്ടിയിൽ ജനിച്ച ഡേ, 1948-ലാണ് അഭിനയം ആരംഭിക്കുന്നത്. മ്യൂസിക്കൽ, റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ ഇവർ പ്രശസ്തി നേടി. പില്ലോ ടോക്ക് ഇവർക്ക് ഏറെ പ്രശസ്തി നൽകി. ഒരു ഗായിക കൂടിയായിരുന്നു ഡേ. അഭിനയത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ താരങ്ങളിൽ ഒരാൾ കൂടിയാണ് ഡേ. അഭിനയത്തിൽനിന്നു വിരമിച്ചശേഷം മൃഗപരിപാലന പരിപാടികളുമായി മുന്നോട്ടുപോകുകയായിരുന്നു ഡേ.
2008-ൽ ഡേയ്ക്ക് ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. ഡേയുടെ രണ്ടു ഗാനങ്ങൾ- സീക്രട്ട് ലൗ, ക്യു സേറ സേറ- എന്നിവ 1950-ൽ അക്കാദമി പുരസ്കാരങ്ങൾ നേടി.
ഹോളിവുഡ് ചരിത്രത്തിലെ വനിതാ ഇതിഹാസം ഡോറിസ് ഡേ വിടവാങ്ങി
10:40 PM May 13, 2019 | Deepika.com