മഞ്ചേരി: റിയാദ് ദമാമിൽ നിന്ന് ഉംറ തീർഥാടനത്തിന് പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് മഞ്ചേരി സ്വദേശിനി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. റിയാദിൽ നിന്ന് 70 കിലോമീറ്ററകലെ മുസാഹ്മിയക്ക് സമീപം മക്ക ഹൈവേയിലുണ്ടായ അപകടത്തിൽ മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി വലിയകത്ത് ഹൗസിൽ അബ്ദുറസാഖി മകൾ സനോവർ റസാഖ് (20) ആണ് മരിച്ചത്. ഇളയ മകൾ തമന്ന റസാഖിനെ (13) ഗുരുതരപരിക്കുകളോടെ റിയാദ് നസീമിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം.
നോന്പുതുറക്കും മുന്‍പ് റിയാദിലുള്ള ഫ്ളാറ്റിലേക്കത്തൊനുള്ള വരവായിരുന്നു. മുസാഹ്മിയ കഴിഞ്ഞുള്ള റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ അടുത്തറോഡിലേക്ക് ഓടിക്കയറി മറിയുകയായിരുന്നു. അബ്ദുറസാഖാണ് വാഹനം ഓടിച്ചത്. ഇദ്ദേഹവും മുൻവശത്തിരുന്ന ഭാര്യ ജിഷയും സീറ്റ് ബെൽട്ട് ധരിച്ചിരുന്നത് കൊണ്ട് പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.
പെണ്‍കുട്ടികൾ രണ്ടും പിൻസീറ്റിലായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. സനോവറിന്റെ തല റോഡിലിടിച്ചു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സനോവർ. തമന്നയുടെ കൈകാലുകൾക്ക് പൊട്ടലാണുള്ളത്. സൗദി ടെലികോം കന്പനിയുടെ ജോലികൾ ചെയ്യുന്ന ഡാറ്റാകോം എന്ന കന്പനിയുടെ ദമാം ബ്രാഞ്ചിൽ പ്രോജക്ട് മാനേജരാണ് അബ്ദുറസാഖ്.
വർഷങ്ങളായി സൗദിയിലുള്ള അബ്ദുറസാഖ് ആദ്യം ഇതേ കന്പനിയുടെ റിയാദ് ബ്രാഞ്ചിലായിരുന്നു. ഏഴ് മാസംമുന്‍പാണ് സ്ഥലം മാറ്റമായി ദമ്മാമിലേക്ക് പോയത്. റിയാദിൽ വർഷങ്ങളായുണ്ടായിരുന്ന കുടുംബം പ്രവാസം മതിയാക്കി മടങ്ങിയ ശേഷം ഏതാനും ആഴ്ച മുന്‍പ് സന്ദർശക വിസയിൽ തിരിച്ചുവന്നതായിരുന്നു.
റിയാദിൽ കാർ മറിഞ്ഞ് മഞ്ചേരി സ്വദേശിനി മരിച്ചു
01:46 AM May 13, 2019 | Deepika.com