ഷാർജ : ആരോഗ്യമേഖലയിലെ പ്രഗൽഭരെ ആദരിക്കുന്നതിനായി വേൾഡ് മെഡിക്കൽ കൗണ്‍സിൽ ദുബായ് ചാപ്റ്റർ ഏർപ്പെടുത്തിയ എച്ച്ആർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഷാർജ ഓഷ്യൻ ബ്ലൂ തീയേറ്ററിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ദുബായ് യുണിപെക്സ് ഇന്റർനാഷണൽ ചെയർമാനും പ്രശസ്ത എഴുത്തുകാരനുമായ അഹമ്മദ് ഇബ്രാഹിം മുഖ്യ അതിഥിയായിരുന്നു.
ആരോഗ്യപരിപാലന രംഗത്തെ സ്തുത്യർഹ സേവനത്തിനുള്ള ഹാൾ ഓഫ് ഫെയിം പുരസ്കാരം ഡോ. റാസ സിദ്ദിഖിയും (സിഇഒ, അറേബ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പ് റാഖ് ഹോസ്പിറ്റൽ), ഡോ. അജിത് കുമാർ നാഗ്പാലും ( ചെയർമാൻ ആൻഡ് ഡയറക്ടർ ജനറൽ അമിറ്റി സർവകലാശാല) ഏറ്റുവാങ്ങി.
ആരോഗ്യപരിപാലന രംഗത്ത് വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച 25 പ്രതിഭകളെയും ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. ആരോഗ്യരംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഇന്നു നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചയും പുരസ്കാരചടങ്ങിന്റെ ഭാഗമായി നടന്നു.
വേൾഡ് മെഡിക്കൽ കൗണ്‍സിൽ പ്രസിഡന്റും, മുൽക് ഹെൽത്ത് കെയർ എന്റർപ്രൈസസ് ചെയർമാനുമായ ഡോ. നവാബ് ഷാഫി ഉൽ മുൽക്, ഏരീസ് ഗ്രൂപ്പ് സിഇഒയും, വേൾഡ് മെഡിക്കൽ കൗണ്‍സിൽ വൈസ് പ്രസിഡന്റുമായ സോഹൻ റോയ്, അഹല്യ ഹോസ്പിറ്റൽ സിഇഒയും, വേൾഡ് മെഡിക്കൽ കൗണ്‍സിൽ ജനറൽ സെക്രട്ടറിയുമായ ഡോ. വിനോദ് തന്പി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ആരോഗ്യരംഗത്ത് സ്തുത്യർഹസേവനം കാഴ്ചവച്ചവർക്ക് ആദരമൊരുക്കി വേൾഡ് മെഡിക്കൽ കൗണ്‍സിൽ
10:45 PM Apr 25, 2019 | Deepika.com