കുവൈത്ത്: കഴിഞ്ഞ 15 വർഷമായി കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ നാഷണൽ ഫോറം(നാഫോ) കുവൈത്തിന്റെ 16-ാം വാർഷികാഘോഷ പരിപാടികൾ പ്രീക്കോണ് നവനീതം ഏപ്രിൽ 26 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നടത്തപ്പെടും. യുഎന്നിലിൽ ഇന്ത്യയുടെ മുൻ സ്ഥിരപ്രതിനിധിയായിരുന്ന മുൻ അംബാസിഡർ വിജയ് കെ. നന്പ്യാർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ചു ഡപ്യൂട്ടി ചീഫ് ഓഫ് മിൻ രാജ്ഗോപാൽ സിംഗ് ഉദ്ഘാടകനാകും.
കുവൈത്ത് വാർത്താ മന്ത്രാലയത്തിലെ മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേസൻ-അൽ-അൻസാരി വിശിഷ്ടാതിഥിയായിരിക്കും. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ പ്രശസ്ത തെന്നിന്ത്യൻ താരവും നൃത്തകിയുമായ നവ്യാ നായരും സംഘവും അവതരിപ്പിക്കുന്ന മൾട്ടിമീഡിയ ഡാൻസ് മ്യൂസിക്കൽ ഷോ നാഫോ ആഘോഷ ചടങ്ങുകളുടെ മുഖ്യ ഇനമായിരിക്കും.
കുവൈത്ത് മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികളേയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം നിയന്ത്രിതമായിരിക്കും. മികച്ച സംരഭകർക്കുള്ള നാഫോ എന്റർപ്രണർഷിപ്പ് അവാർഡും നാഫോ കോർപ്പറേറ്റ് ഐക്കണ്‍ അവാർഡും ചടങ്ങിൽ വച്ചു വിതരണം ചെയ്യുന്നതായിരിക്കും. നാഫോ കുടുംബത്തിലെ മുപ്പതോളം പ്രതിഭാശാലികൾ ചേർന്നു അവതരിപ്പിക്കുന്ന സിഗ്നേച്ചർ ഷോയും നാഫോ സിംഫണി ഗ്രൂപ്പിന്റെ സംഘസംഗീതവും ചടങ്ങുകൾക്ക് മാറ്റു കൂട്ടും.
കൂടുതൽ വിവരങ്ങൾക്ക്: 99691431, 66264547, 97204558
റിപ്പോർട്ട്: സലിം കോട്ടയിൽ
"നാഫോ നവനീതം ' ഏപ്രിൽ 26 വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
10:40 PM Apr 24, 2019 | Deepika.com