ഏതൊരു മലയാളിയുടെ മനസിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളയേ കുറിച്ചുളള സുവർണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വർഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. സ്വർണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാൽക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തിൽ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ് ഓരോ മലയാളികൾക്കും നൽകുന്നത്.
ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ 20 ശനിയാഴ്ച രാവിലെ തന്ത്രി ബിജുകൃഷ്ണൻ ജിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി പൂജകളോടെ ശുഭാരംഭം കുറിച്ച പ്രതിഷ്ഠാകർമ്മങ്ങൾക്ക് ആനന്ദ് പ്രഭാകർ നേതൃത്വം നൽകി. തുടർന്ന് ഗണേശ അഥർവോപനിഷദ് സൂക്തങ്ങളാൽ മഹാഗണപതിക്കും, പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും ശ്രീ കൃഷ്ണനും അഭിഷേകങ്ങൾ നടത്തി. തുടർന്നു ദിലീപ് നെടുങ്ങാടിയുടെ നേതൃത്വത്തിൽ നടന്ന നാരായണ കവച പാരായണം വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്തജനങ്ങൾക്ക് നൽകിയത്. തദവസരത്തിൽ ആനന്ദ് പ്രഭാകർ നാരായണീയ പാരായണവും, പ്രവചനവും, ദിലീപ് നെടുങ്ങാടി വിഷ്ണു സഹസ്രനാമ പാരായണവും, രശ്മി മേനോന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ഭജനയും ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടന്നു.
കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ സർവാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനുമുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, പാരന്പര്യത്തിന്റെ പ്രൗഢിയെ ഓർമ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സർവ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളിൽ ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാൽക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും തുടങ്ങി നയനാനന്ദകരവും ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ഷിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്. വിഷുദിനത്തിൽ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വർഷം ലഭിക്കുന്ന വരുമാനമെന്നാണ് വിശ്വാസം. കണി കണ്ട ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ശ്രീ വിശ്വനാഥൻജിയും, വേണു വലയൽനാൽജിയും, മാതൃവാത്സല്യത്തിന്റെ നിറദീപമായ മണി ചന്ദ്രനും വിഷു കൈനീട്ടം നൽകി.
മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും, നാട്ടിൽ നിന്നും വരുത്തിയ തൂശനിലയിൽ ആണ് ശ്രീ അജി പിള്ള, ശിവപ്രസാദ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ വിഷു സദ്യ ഒരുക്കിയത്. തുടർന്ന് സനാതന ധർമ്മത്തെ ആസ്പദമാക്കി കുമാരി നന്ദിനി സുരേഷ് മോഡറേറ്റർ ആയി സംഘടിപ്പിച്ച മത്സരങ്ങളിൽ മാസ്റ്റർ രോഹിത് നായർ ഒന്നാം സ്ഥാനവും മാസ്റ്റർ അർജുൻ നായർ രണ്ടാം സ്ഥാനവും, കുമാരി ഗൗരി മേനോൻ മൂന്നാം സ്ഥാനവും നേടി.
ഈ വർഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ചു ഇത്രയും മനോഹരമാക്കാൻ സ ഹകരിച്ച എല്ലാ ബോർഡ് അംഗങ്ങൾക്കും, ഗീതാമണ്ഡലം വനിതാ പ്രവർത്തകർക്കും, വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു. വൈകുന്നേരം ഗീതാമണ്ഡലം തറവാട്ടിൽ കുട്ടികൾ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2019ലെ വിഷുവിനു പരിസമാപ്തി കുറിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം