ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ അഭി. സക്കറിയാസ് മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ഏപ്രിൽ 27നു ശനിയാഴ്ച ഡീക്കൻ തോമസ് പൂതികോട്ടിനു കശീശ പട്ടം നൽകും. അന്നേദിവസം രാവിലെ 7.30ന് പ്രഭാത പ്രാർഥനയോടെ ആരംഭിക്കുന്ന കുർബാന മധ്യേയാണ് കശീശപട്ടിന്റെ ചടങ്ങുകൾ നടക്കുക. സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ അപ്രേം സഹകാർമികനായിരിക്കും.
അർബാനയിലെ ഇല്ലിനോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, ന്യൂയോർക്കിലെ വ്ളാഡിമിർ സെമിനാരിയിൽ നിന്നും തിയോളജിയിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം കോട്ടയത്തെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും സുറിയാനി ഭാഷയുടെ ഉപരിപഠനവും പൂർത്തിയാക്കിയ വ്യക്തിയാണ് ഡീക്കൻ ഷോണ്‍ തോമസ്.
ഷെറി തോമസ് സുജമോൾ തോമസ് ദന്പതികളുടെ മൂത്ത മകനായ ഡീക്കൻ ഷോണ്‍ ചെറുപ്പം മുതൽ തന്നെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്നു. ഷെയിൻ തോമസ്, ഷെർവിൻ തോമസ് എന്നിവർ സഹോദരങ്ങളാണ്. എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയ വികാരി റവ.ഫാ. രാജു ഡാനിയേലിന്റെ പുത്രി ലിജൻ ആണ് ഡീക്കൻ ഷോണിന്റെ സഹധർമ്മിണി.
കോളജ് തലങ്ങളിൽ പഠിക്കുന്പോൾ ഇതര നൂതന സഭകളിലേക്ക് ചേക്കേറിപ്പോകുന്ന എക്യൂമെനിക്കൽ വിദ്യാർഥികളെ സത്യവിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാൻ യുവതലമുറയിൽപ്പെട്ട, പട്ടത്വ ശുശ്രൂഷയിലേക്ക് കടന്നുവരുന്ന ഡീക്കൻ ഷോണ്‍ തോമസിനെ പോലുള്ളവർക്ക് കഴിയുമെന്നു കരുതപ്പെടുന്നു.
എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ വച്ചു നടക്കുന്ന ആത്മീയ ശുശ്രൂഷയിലേക്ക് ഏവരും പ്രാർത്ഥനയോടെ സംബന്ധിക്കണമെന്ന് വികാരി രാജു ഡാനിയേൽ അച്ചൻ, അസിസ്റ്റന്റ് വികാരി ടെജി അച്ചൻ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അഭ്യർഥിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഡീക്കൻ തോമസ് പൂതികോട്ടിനു കശീശപട്ടം നൽകുന്നു
09:45 PM Apr 23, 2019 | Deepika.com