മുന്‍ ഗിനിയന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും ഏഴു വര്‍ഷം തടവ്

02:38 PM Apr 23, 2019 | Deepika.com
സൗത്ത് ലേക്ക്‌സിറ്റി (ടെക്‌സസ്): ഗിനിയയില്‍ നിന്നുള്ള പെണ്‍കുട്ടിയെ 15 വര്‍ഷം വീട്ടില്‍ അടിമ വേലയ്ക്ക് നിയോഗിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഗിനിയന്‍ പ്രസിഡന്റിന്റെ മകനേയും ഭാര്യയേയും ഏഴു വര്‍ഷം ഫെഡറല്‍ ജയിലിലടക്കുന്നതിനും 2,88,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും ഏപ്രില്‍ 22 ന് ഫോര്‍ട്ട്‌വര്‍ത്ത് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. 2016 ലാണ് പെണ്‍കുട്ടി ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

പതിനെട്ടു വര്‍ഷം മുമ്പ് ഗിനിയയില്‍ നിന്നും 13 വയസിലാണെന്ന് പറയപ്പെടുന്നു ദമ്പതികളായ മുഹമ്മദ് ടൂര്‍, ഡെനിസ് ക്രോസ് ടൂര്‍ (58) എന്നിവരുടെ വീട്ടില്‍ എത്തിയതാണ് പെണ്‍കുട്ടി. പതിനഞ്ചു വര്‍ഷം വീട്ടില്‍ അടിമപ്പണിയായിരുന്നുവെന്നും ഒരു പെനി പോലും പ്രതിഫലം നല്‍കിയിരുന്നില്ലെന്നും പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും രാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിക്കു വേണ്ടി വാദിച്ച പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ കേസില്‍ 2018 ലാണ് ദമ്പതികള്‍ അറസ്റ്റിലായത്.

അമേരിക്കയില്‍ എത്തിയ പെണ്‍കുട്ടിക്ക് ആവശ്യമായ രേഖകള്‍ ലഭിക്കാത്തതാണ് സ്‌കൂളില്‍ കുട്ടിയെ അയയ്ക്കാതിരുന്നതെന്നും, ഒരു വിധത്തിലും കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ 20 വര്‍ഷത്തെ തടവാണ് ആവശ്യപ്പെട്ടതെങ്കിലും പ്രായവും ആരോഗ്യവും പരിഗണിച്ച് ശിക്ഷ ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.ഫ്രഞ്ച് ആധിപത്യത്തില്‍ നിന്നും 1958 ല്‍ ഗിനിയയ്ക്ക് സ്വാതന്ത്ര്യം നേടികൊടുത്ത് 1984 മരണം വരെ ഗിനിയന്‍ പ്രസിഡന്റായിരുന്ന സെക്കാ ടൂറിന്റെ മകനാണ് മുഹമ്മദ്.

റിപ്പോര്‍ട്ട് : പി.പി. ചെറിയാന്‍