ടെക്സസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ഭക്തിനിർഭരവുമായി നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറന്പുകാട്ടിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ഉയിർപ്പു തിരുനാൾ തിരുകർമ്മങ്ങളിൽ മുഖ്യകാർമ്മികനായി. ഫാ. സ്കറിയ കലൂർ കുട്ടികൾക്ക് വേണ്ടി സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക ശുശ്രൂകളിൽ കാർമികനായിരുന്നു.
ഫാ. ക്രിസ്റ്റി ഈസ്റ്റർ സന്ദേശം നൽകി. ഈശോ മിശിഹാ ഉത്ഥാനം ചെയ്തതിലൂടെ സകല മനുഷ്യർക്കുവേണ്ടിയുള്ള പ്രതീക്ഷയുടെ നിത്യജീവന്റെ കവാടം തുറക്കപ്പെട്ടു. പീഡകൾ സഹിച്ചു കുരിശിൽ തറക്കപ്പെട്ടു മരിച്ച മിശിഹാ മാനവരാശിക്ക് നിത്യജീവൻ നൽകുവാനായി ഉയിർത്തെഴുന്നേറ്റു എന്നതാണ് വിശ്വാസ പ്രഘോഷണത്തിന്റെ കാതൽ. ഈ വിശ്വാസ പ്രഖ്യാപനം ജീവിതത്തിൽ യാഥാർഥ്യമായി തീരട്ടെയെന്നു ഫാ. ജേക്കബ് ക്രിസ്റ്റി പറന്പുകാട്ടിൽ ആഹ്വനം ചെയ്യുകയും ഏവർക്കും ഉയിർപ്പു തിരുന്നാളിന്റെ മംഗളങ്ങൾ ആശംസിക്കുകയും ചെയ്തു.
ട്രസ്റ്റിമാരായ സി.വി. ജോർജ്, സിജോ ജോസ്, ജയ്മോൻ ജോസഫ്, സജേഷ് അഗസ്റ്റിൻ, സെക്രട്ടറി ഷെല്ലി വടക്കേക്കര എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകി.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ഭക്തിനിർഭരമായി
09:57 PM Apr 22, 2019 | Deepika.com