സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം

12:42 PM Apr 22, 2019 | Deepika.com
ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മപുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഏപ്രില്‍ 18-നു വൈകീട്ട് മൂന്നിനു ആരംഭിച്ച ദിവ്യ കാരുണ്യ കൊന്തയോടെ ദുഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന കുരിശിന്റെ വഴിയില്‍ ഓരോ വ്യക്തികളും തങ്ങളുടെ നിത്യ ജീവിതത്തിലെ സഹനങ്ങളും കുരിശുകളും ധ്യാനചിന്തകളോട് ചേര്‍ത്തു പങ്കുവെച്ചു.

തുടര്‍ന്നു നേര്‍ച്ച കഞ്ഞിക്കു ശേഷം, ഇടവക വികാരി ലോഗോറി ഫിലിപ്‌സ് കട്ടിയാകാരന്റെ ആല്മീയ നേതൃത്വത്തില്‍ സ്മിത മംങ്ങന്‍ ആന്‍ഡ് ടീം ദേവാലയത്തിലെ യുവജനങ്ങളെയും, കുട്ടികളെയും ഏകോപിപ്പിച്ചവതരിപ്പിച്ച ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്‌കാരം ഏറെ ഹൃദയസ്പര്‍ശിയായി മാറി.

ടീം അംഗങ്ങളായ ജസ്റ്റിന്‍ , ഫ്രാന്‍സിസ്,സജി, ജെയിംസ് പുതുമന, വിന്‍സെന്റ് തോമസ്, ജോനു, ബിജോ, ജിജി, അലക്‌സ് , ജോബിന്‍, റിജോ, അനീഷ് , സോജിമോന്‍ ജെയിംസ് ഒപ്പം മരിയന്‍ മദേഴ്‌സിന്റേയും ഒരു നീണ്ട നിരയുടെ കഠിന പ്രവര്‍ത്തനത്തിന്റെ സാഷാത്കാരമായിരുന്നു ഷോയുടെ വിജയത്തിന് പിന്നില്‍.

ഇടവക വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്‌നീര്‍ കുടിക്കല്‍ ശുശ്രൂഷകള്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു. ബ്രൂക്ലിന്‍ സെന്റ് ആന്റണിസ് ദേവാലയത്തിലെ അസിസ്റ്റന്റ് പാസ്റ്റര്‍ ബഹു. ഫാ.ജോസി വട്ടോത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഫാ.ജോസി വട്ടോത്ത് പീഡാനുഭവ ശുശ്രൂഷകളോടനുബന്ധിച്ച് വചനം പങ്കുവെച്ചു. തന്റെ വചനശുശ്രൂഷയില്‍ കുരിശാകുന്ന പുസ്തകത്തിലെ ഗുരുവായ യേശുവിന്റെ ജീവിതത്തിലൂടെ പകര്‍ന്നുതന്ന അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കും കൊണ്ടുവരണമെന്നും സ്വന്തം ജീവിതത്തിലൂടെ മറ്റുളളവര്‍ക്കു വെളിച്ചമായിത്തീരണമെന്നും അതായിരിക്കട്ടെ ദുഃഖവെള്ളി ആചാരണത്തിലൂടെ സംഭവിക്കേണ്ടത് എന്നും ഉത് ബോധിപ്പിച്ചു.

വൈകുന്നേരം മൂന്നിനു ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുമണി വരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും, ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷയിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. കുരിശിന്റെ വഴിയിലൂടെ പങ്കുവെച്ച ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായി.

ദേവാലയത്തിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ദുഖവെള്ളിയാഴ്ചയിലെ വിശുദ്ധകര്‍മ്മാദികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ട്രസ്റ്റിമാരോടൊപ്പം ഇടവകയിലെ ഭക്തസംഘടനകളും പ്രത്യേകിച്ച് മരിയന്‍ മതേര്‍സ് ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ സഹകരിച്ച ദേവാലയത്തിലെ ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സി.സി.ഡി അധ്യാപകര്‍, പങ്കെടുത്ത, യുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും വികാരി വികാരി അച്ചന്‍ നന്ദി പറഞ്ഞു. web: www.Stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം