ഫോമ കേരള ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂയോര്‍ക്ക് എമ്പര്‍ റീജിയനും പങ്കാളിയാകുന്നു

12:19 PM Apr 19, 2019 | Deepika.com
ന്യൂയോര്‍ക്ക്: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കാന്‍ 'ഫോമ' മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പത്തനംതിട്ട ജില്ലയിലെ കടപ്ര എന്നിവിടങ്ങളില്‍ ഏറ്റെടുത്തു നടത്തുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനും സജീവ പങ്കാളിയാകുന്നു.

അമേരിക്ക സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭ്യര്‍ഥന മാനിച്ചാണ് ഫോമ, പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം വീടുകള്‍ വച്ചു നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ അമ്പത് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.

എമ്പയര്‍ റീജിയന്റെ ഫണ്ട് രൂപീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്റോറന്റില്‍ കൂടിയ യോഗം ഫോമ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മന്യ, എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ഗോപിനാഥകുറുപ്പില്‍ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി.

ഫോമ ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിമാരായ ജോണ്‍ സി. വര്‍ഗീസ് (സലിം), ജിബി തോമസ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, എമ്പയര്‍ റീജിയന്‍ ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, റീജണല്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, റീജണല്‍ സെക്രട്ടറി ഷോബി ഐസക്, കാന്‍ജ് സെക്രട്ടറി ബൈജു വര്‍ഗീസ്, സ്റ്റാന്‍ലി കളത്തില്‍, വിവിധ അംഗസംഘടനകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫണ്ട് രൂപീകരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി