ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹോശാന ഞായര്‍ ആചരിച്ചു

12:32 PM Apr 16, 2019 | Deepika.com
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 'ഞങ്ങളെ രക്ഷിക്കണേ..' എന്നര്‍ഥമുള്ള ഹോശാന പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

കുരുത്തോലകളേയും, അവ വെട്ടിയെടുത്ത വൃക്ഷങ്ങളേയും, അവ വളരുന്ന വയലുകളേയും വാഴ്ത്തണമേ എന്ന ഹോശാന പെരുന്നാളിലെ പ്രാര്‍ത്ഥന ജീവജാലങ്ങള്‍ക്കുകൂടി അനുഗ്രഹമുണ്ടാകണമെന്നും, മനുഷ്യന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാവല്‍ ഭടനാകണമെന്നും ആരാധനകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ച ഫാ. ഡാനിയേല്‍ ജോര്‍ജ് അനുസ്മരിച്ചു.

വാഴ്ത്തിയ കുരുത്തോലകള്‍ കൈകളില്‍ പിടിച്ച് വിശ്വാസികള്‍ പ്രദക്ഷിണം നടത്തുകയും സ്തുതിഗീതങ്ങള്‍ ചൊല്ലുകയും ചെയ്തു. ആരാധനയിലും തുടര്‍ന്നു മാര്‍ മക്കാറിയോസ് ഹാളില്‍ നടന്ന സ്‌നേഹവിരുന്നിലും നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. പെസഹായുടെ ശുശ്രൂഷകള്‍ 17നു ബുധനാഴ്ച വൈകിട്ട് 6.30നും, ദുഖവെള്ളിയാഴ്ച 19നു രാവിലെ ഒമ്പതിനും, ദുഖശനിയാഴ്ച രാവിലെ പത്തിനും, ഉയിര്‍പ്പ് പെരുന്നാള്‍ ഞായറാഴ്ച രാവിലെ എട്ടിനും നടക്കും. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം