കഥാപ്രസംഗരംഗത്തെ അതികായൻ പ്രഫ. വി. സാംബശിവന്റെ സ്മരണക്കായി ’കല(ആർട്ട്) കുവൈറ്റ്’, കലാസാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങൾക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ജീവകാരുണ്യ രംഗത്തു മൂന്നു പതിറ്റാണ്ടിലധികമായി ഫാ. ഡേവിസ് ചിറമേൽ നൽകിവരുന്ന സമഗ്ര സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന്ന് അർഹനാക്കിയത്. അവാർഡ് വിവരം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി.പി., വൈസ് പ്രസിഡന്റ്, സമീർ പി., ജനറൽ സെക്രട്ടറി പി.കെ. ശിവകുമാർ, ട്രഷറർ കെ. ഹസൻ കോയ, പ്രോഗ്രാം കണ്‍വീനർ രാഗേഷ് പി. ഡി., മീഡിയ കണ്‍വീനർ ജെയ്സണ്‍ ജോസഫ് എന്നിവർ പങ്കെടുത്തു.
സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്, അവയവദാനം മഹാദാനമെന്ന പ്രത്യാശ സന്ദശം പകർന്നു ഫാ. ഡേവിസ് ചിറമേൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാനവസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ലോകത്തിന് കാട്ടിത്തന്നത്. തൃശൂരിലെ പൂത്തറക്കൽ ഗ്രാമത്തെ സന്പൂർണ അവയവദാന ഗ്രാമമാക്കാൻ മുന്നിൽ നിന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട പേരാണ് ഫാ. ഡേവിസ് ചിറമേൽ. പിന്നീട്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ അമരക്കാരനായി. ദേശീയ അവയവദാന സംഘടനയുടെ (നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) ബ്രാൻഡ് അംബാസിഡറാകാനുള്ള അവസരവും ഫാ. ചിറമേലിനെ തേടിയെത്തുകയുണ്ടായി.
1960 ഡിസംബർ 30ന് തൃശൂർ ആറനാട്ടുകരയിൽ ചാക്കുണ്ണി, കൊച്ചന്നാമ്മ ദന്പതികളുടെ മകനായി ജനനം. ആറനാട്ടുകരെ തരകൻസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സെന്റ് മേരീസ് മൈനർ സെമിനാരി തൃശൂരും തുടർന്ന് ആലുവ പോന്റിഫിക്കൽ സെമിനാരിയിലും പഠിച്ചു.
മുൻ കാലങ്ങളിൽ പ്രശസ്ത എഴുത്തുകാരായ യു.എ. ഖാദർ, വൈശാഖൻ (സാഹിത്യ അക്കാദമി ചെയർമാൻ), അക്ബർ കക്കട്ടിൽ, കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി, പ്രഭാഷകനും നിരൂപകനും ആയ ഡോ. എം. എൻ. കാരശ്ശേരി, നർത്തകിയും നടിയും ആയ ഡോ. താരാ കല്യാണ്‍, ഡോ. വസന്തകുമാർ സാംബശിവൻ എന്നിവർക്കാണ് കല(ആർട്) കുവൈറ്റ് സാംബശിവൻ പുരസ്കാരം നൽകിയിട്ടുള്ളത്. മേയ് മൂന്നിന് വെള്ളിയാഴ്ച്ച വൈകുന്നേരം 5ന് കുവൈറ്റിലെ അബാസിയയിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഹാളിൽ കലാ(ആർട്ട്) കുവൈറ്റ് സംഘടിപ്പിക്കുന്ന കേരളീയം 2019ൽ വച്ചു ഫാ. ഡേവിസ് ചിറമേൽ പുരസ്കാരം സ്വീകരിക്കും.
റിപ്പോർട്ട് : സലിം കോട്ടയിൽ