അൽഖോബാർ: രാജ്യം ഇന്നേവരെ കാത്തു സൂക്ഷിച്ചു പോന്നിരുന്ന മതസൗഹാർദവും പരസ്പര ഐക്യവും കാറ്റിൽ പറത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയും കോർപ്പറേറ്റുകൾക്ക് മാത്രം നല്ല ദിനങ്ങൾ സമ്മാനിച്ച അഞ്ചു വർഷത്തെ മോദി ഭരണം അവസാനിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി പ്രൊവിൻസ് പ്രസിഡന്റ് സാജു ജോർജ് അഭിപ്രായപ്പെട്ടു.
പ്രവാസി അൽഖോബാർ മേഖല സംഘടിപ്പിച്ച ’ജനവിധി 2019’ തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു സീറ്റ് പോലും ബിജെപിക്ക് പോകില്ലെന്ന് നാം ഉറപ്പു വരുത്തണം. മറ്റു സംസ്ഥാനങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്ന മതേതര കക്ഷികൾ എന്തു കൊണ്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും മറ്റും ഒന്നിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന നിലപാട് ബലികഴിച്ച് രാജ്യതാൽപര്യം മാത്രം മുന്നിൽ കണ്ടാണ് കേരളത്തിൽ യുഡിഎഫിനും കേന്ദ്രത്തിൽ യുപിഎ മുന്നണിക്കും പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രവാസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.കെ.ഷാജഹാൻ പറഞ്ഞു.
കേരളത്തിൽ യുഡിഎഫിനും കേന്ദ്രത്തിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന മതേതര മുന്നണിക്കും വെൽഫെയർ പാർട്ടി തീരുമാനിച്ച പിന്തുണ ചരിത്രപരമായ തീരുമാനമാണെന്ന് ചടങ്ങിൽ സംസാരിച്ച ഒഐസിസി റീജണൽ കമ്മിറ്റി സെക്രട്ടറി ഇ.കെ.സലീം അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷത്തിനെയും സംഘ് പരിവാറിനെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ഖോബാർ മേഖല പ്രസിഡൻറ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. അറേബ്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അസ്ലം കോഴിക്കോട്, തനിമ ഖോബാർ മേഖല പ്രസിഡന്റ് റഹ്മത്തുള്ള ചേളന്നൂർ, യൂത്ത് ഇന്ത്യ ഖോബാർ ചാപ്റ്റർ പ്രസിഡന്റ് എസ്.ടി.ഹിഷാം, പ്രവാസി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സഫ്വാൻ പാണക്കാട്, റാഷിദ ഷാജഹാൻ എന്നിവർ ആശംസ നേർന്നു. മേഖല വൈസ് പ്രസിഡൻറ് കെ.എം.സാബിഖ് സ്വാഗതവും ട്രഷറർ അഡ്വ. നവീൻകുമാർ നന്ദിയും പറഞ്ഞു. ജന.സെക്രട്ടറി അൻവർ സലീം യു.ഡി.എഫ് സ്ഥാനാർഥികളെ പരിചയപ്പെടുത്തി. വെൽഫെയർ പാർട്ടി കേന്ദ്ര പ്രസിഡന്റ് എസ്.ക്യു.ആർ ഇല്യാസ് വീഡിയോ കോണ്‍ഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്തു. റൗഫ് ,ത്വയ്യിബ് സംഘം ഗാനം ആലപിച്ചു. റിദ സഫ്വ കപ്പ് ജേതാക്കളായ പ്രവാസി ഫുഡ്ബാൾ ടീമിനെ ചടങ്ങിൽ ആദരിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാൻ മോദി ഭരണത്തെ താഴെയിറക്കുക: പ്രവാസി ഖോബാർ സമ്മേളനം
01:01 AM Apr 16, 2019 | Deepika.com