ജിജിഐയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മുഖ്യാതിഥി കോണ്‍സൽ ജനറൽ വിശിഷ്ടാഥിതികളായ പ്രമുഖ മാധ്യമ പ്രതിഭ ഖാലിദ് അൽമഈന, പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം, ശൈഖ് അബ്ദുല്ല നഹ്ദി എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. ഇന്ത്യൻ വംശജരായ ഇരുപതിലേറെ സൗദി പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. കോണ്‍സൽമാരായ ശാഹിൽ ശർമ, ഡോ. മുഹമ്മദ് അലീം, അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും ജി.ജി.ഐ ചീഫ് പാട്രനുമായ മുഹമ്മദ് ആലുങ്ങൽ,ഇഖ്റഅ് ചാനൽ മീഡിയ ഡയറക്ടർ നിസാർ അൽ അലി തുടങ്ങിയവർ മെമന്റോ വിതരണം ചെയ്തു.
ജിജിഐയുടെ പ്രഥമ സംരംഭത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കോണ്‍സൽ ജനറൽ പറഞ്ഞു. ഇന്ത്യൻ വംശജരായ സൗദി പൗര·ാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അത് കോണ്‍സുലേറ്റ് അങ്കണത്തിൽ വെച്ചാവാമെന്ന് ജിജി.ഐ സംഘാടകരോട് നിർദേശിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ നിലക്കും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധം പൂർവാധികം ശക്തിപ്പെട്ടിരിക്കുകയാണ്. ജിജിഐയുടെ സംരംഭം അക്കാര്യത്തിൽ ഒരു നാഴികകല്ലായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസികളുടെ ചരിത്ര പാരന്പര്യം വിളിച്ചറിയിക്കുന്ന നിരവധി പദ്ധതികളുമായി മുന്നോട്ട് പോവുമെന്നും അതിന്റെ ഭാഗമായി കോഴിക്കോട് ഒരു പ്രവാസി മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ഇസ്മായിൽ മരിതേരി പറഞ്ഞു. ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ മുസ്തഫ വക്കാലൂർ നന്ദിയും പറഞ്ഞു. അഹ്മദ് അതാഉല്ല ഫാറൂഖി, ഡോ.അബ്ദുൽ റഹീം മുഹമ്മദ് മൗലാന, തലാൽ മലൈബാരി, അബ്ദുല്ല മലൈബാരി, മുസ്തഫ ബകർ മലൈബാരി, മുഹമ്മദ് സഈദ് മൊസാകോ, അബ്ദുറഹിമാൻ യൂസുഫ്, അബ്ദുസലാം ഗൗസ് അലി തുടങ്ങിയവർ ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സൗദി ഇന്ത്യ ബന്ധത്തിൽ പുതിയൊരു അദ്ധ്യായം തുന്നിച്ചേർത്തുകൊണ്ട് സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും നൂതനമായ ആവിഷ്കാരം കൊണ്ടും ശ്രദ്ധേയമായി. നൂറ്റാണ്ടുകൾക്ക് മുന്‍പ് ഇന്ത്യയിൽനിന്ന് സൗദിയിൽ കുടിയേറിപ്പാർത്തവരുടെ പുതുതലമുറയിൽപെട്ടവരെ ആദരിക്കാനും അവരുടെ ബഹുമുഖ സേവനങ്ങളെ പ്രകീർത്തിക്കാനും ഇദംപ്രഥമമായി സംഘടിപ്പിച്ച ചടങ്ങ് ജിദ്ദയിലെ പ്രവാസികൾക്ക് അവിസ്മരണീയാനുഭവമായി. കേരളത്തിന്റെ തനത് കലകളായ ഒപ്പന, ദഫ് മുട്ട്, സൂഫി ഡാൻസ്, കോൽക്കളി തുടങ്ങിയ കലാവിഷ്കാരങ്ങൾ ഇന്ത്യ വംശജരായ സൗദി പ്രമുഖർക്ക് ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായിരുന്നു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ