ഹൂസ്റ്റണ്‍: സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കണ്വൻഷൻ വിജയപാതയിൽ മുന്നേറുന്നു. ഏഴു വർഷത്തിനുശേഷം നടക്കുന്ന കണ്‍വൻഷനു ഇതിനോടകം മൂവായിരത്തിൽപരം വിശാസികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വിദൂര ഇടവകകളിൽ നിന്നെത്തുന്നവരുടെ സൗകര്യപ്രകാരം റഗുലർ രജിസ്ട്രേഷന്റെ ഏപ്രിൽ 30 വരെ നീട്ടിയതായി കണ്വൻഷൻ കമ്മറ്റി അറിയിച്ചു.
സെപ്റ്റംബർ ആദ്യവാരം മാർ ജോയ് ആലപ്പാട്ട് ഹൂസ്റ്റണിൽ കുറിച്ച രജിസ്ടേഷൻ കിക്കോഫ്, രൂപതയിലെ മറ്റു ഫൊറോനകളിലും പൂർത്തിയാക്കി. ഡിസംബർ കൊണ്ട് ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ തന്നെ വിശ്വാസികൾ നിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്. കണ്വൻഷൻ കണ്‍വീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെയും കണ്വൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറയുടെയും നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കൂട്ടായ പ്രവർത്തനം ഇതിനോടകം അമേരിക്കയിലെ മറ്റു ഇടവകകളിലും എത്തി കിക്കോഫുകൾ സംഘടിപ്പിക്കുന്നതിലും രജിസ്ടേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലും വിജയിച്ചു. ഒരോ ദിനവും പിന്നിടുന്പോൾ വിശ്വാസിസമൂഹം കൂടുതൽ ആവേശത്തിലാണ്. ഓഗസ്റ്റ് ഒന്ന് മുതൽ നാലുവരെയാണ് കണ്വൻഷൻ.
ഡിസ്കൗണ്ട് നിരക്കിലുള്ള ഫാമിലി രജിസ്ടേഷൻ നേരത്തെ സമാപിച്ചിരിന്നു. നാലു ദിവസത്തെ കണ്വൻഷൻ പങ്കെടുക്കുവാൻ ഭക്ഷണവും താമസവുമുൾപ്പെടെയുള്ള ഫാമിലി രജിസ്ടേഷൻ റഗുലർ നിരക്ക് 1500 ഡോളറാണ്. മികച്ച സൗകര്യമുള്ള ഹിൽട്ടണ്‍ അമേരിക്കാസ് ഹോട്ടലാണ് കണ്വൻഷൻ വേദി. നാലായിരം പേർക്കായി പരിമിതപ്പെടുന്ന കണ്‍വൻഷന്റെ റഗുലർ നിരക്ക് ഏപ്രിൽ 30 നു സമാപിക്കും.
ഓണ്‍ലൈനിൽ രജിസ്ടേഷൻ സൗകര്യം ഒരുക്കിയതിനാൽ ഇന്ത്യയിൽ നിന്നും കാനഡയിൽ നിന്നും രജിസ്ടേഷൻ വരുന്നതായി നാഷണൽ രജിസ്ടേഷൻ ചെയർ സുനിൽ കുര്യൻ പറഞ്ഞു. തൊള്ളായിരത്തിൽ പരം ഫാമിലി രജിസ്ടേഷനുകൾ ഇതിനോടകം ലഭിച്ചു . കൂടുതൽ യുവജന പ്രാതിനിധ്യം ഇത്തവണയുണ്ട്. ആയിരത്തിൽ പരം യുവജനങ്ങൾ ഇതൊനൊടകം കണ്‍വൻഷനു രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും സുനിൽ പറഞ്ഞു.
വെബ്സൈറ്റ് :https://smnchouston.org/
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
സീറോ മലബാർ ദേശീയ കണ്വൻഷൻ: രജിസ്ട്രേഷൻ മൂവായിരം കവിഞ്ഞു
12:20 AM Apr 16, 2019 | Deepika.com