ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗണ്‍സിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്കാരത്തിന് ഖത്തറിലെ പ്രമുഖ സംരംഭകരായ ഡോ. ഷീല ഫിലിപ്പോസും പി.എം. അബ്ദുൽ സലാമും അർഹരായി.
സംരംഭകത്വ മേഖലയിലും ജീവകാരുണ്യ മേഖലയിലുമുള്ള ഇരുവരുടെയും പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് പീസ് കൗണ്‍സിൽ സെക്രട്ടറി ജനറൽ ഡോ. എസ്. ശൈൽവിൻകുമാർ പറഞ്ഞു.
സൗന്ദര്യ സംരക്ഷണ രംഗത്തും വനിതാ സംരംഭകത്വ മേഖലയിലും ശ്രദ്ധേയയായ ഡോ. ഷീല ഫിലിപ്പോസിന്റ മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നൽകുന്നതുമാണ്. ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഷീല ഫിലിപ്പോസ്.
കിച്ചണ്‍ എക്യൂപ്മെന്റ്സ്, ഫിറ്റ്നെസ് തുടങ്ങിയ ബഹുമുഖ സംരംഭക മേഖലയിൽ ശ്രദ്ധേയനാണ് പി.എസ് അബ്ദുൽ സലാം. ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കിച്ചണുമായി ബന്ധപ്പെട്ട അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന സ്റ്റാർ കിച്ചണ്‍ എക്യുപ്മെന്റ്സ്, ക്ലാരിറ്റി ട്രേഡിംഗ്, അത്യാധുനിക ഫിറ്റ്നെസ് ഉപകരണങ്ങൾ സജ്ജമാക്കിയ സ്റ്റാർ എൻ സ്റ്റൈൽ ഫിറ്റ്നെസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായ പി.എസ് അബ്ദുൽ സലാം സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും സജീവമാണ്. ഖത്തറിന് പുറമേ ഇന്ത്യയിലും നിരവധി സംരംങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഏപ്രിൽ 13ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ മാരിയറ്റ് മാർക്യൂസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഡോ. ഷീല ഫിലിപ്പോസിനും പി.എം. അബ്ദുൽ സലാമിനും മജെസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്സ് പുരസ്കാരം
10:43 PM Apr 11, 2019 | Deepika.com