റിയാദ്: കേളി കലാസാംസ്കാരികവേദി ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു. സഖാക്കളായ ഇഎംഎസും എകെജിയും ആ കാലഘട്ടങ്ങളിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ കൂടുതൽ പ്രസക്തമാകുന്ന, രാഷ്ട്രീയം അത്രമേൽ കലുഷിതവും സങ്കീർണവുമായ ഒരു ദശാസന്ധിയെയാണ് നാം ഇന്ന് നേരിടുന്നത്. രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാനോരുങ്ങുന്പോൾ ഫാസിസ്റ്റ് സമീപനങ്ങളും വർഗീയതയും അഴിമതിയും അടക്കം രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ ജനകീയ താൽപര്യങ്ങൾക്കനുസൃതമായി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പങ്കുചേരണമെന്ന് റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഎംഎസ് എകെജി അനുസ്മരണ പരിപാടികളിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ കേളി മുഖ്യരക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനർ സതീഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കേളി സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ സ്വാഗതം ആശംസിച്ചു. കേളി പ്രസിഡന്റ് ദയാനന്ദൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം ബി.പി രാജീവൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതിൽ, കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനർ ടി.ആർ. സുബ്രഹ്മണ്യൻ, കുടുംബ വേദി സെക്രട്ടറി സീബ അനിരുദ്ധൻ, ദസ്തക്കീർ എന്നിവർ സംസാരിച്ചു.
കേളി ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു
11:41 PM Mar 26, 2019 | Deepika.com