ഉദ്ഘാടന ചടങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മീനാ നിബു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത് . തുടർന്നു മീന വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. ഡാളസ് ചാപ്റ്റർ രൂപീകരണത്തെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെ കുറിച്ചും ആമുഖമായി പ്രസിഡന്റ് വിശദീകരിച്ചു.
മാധ്യമ രംഗത്തേക്ക് കടന്നുവരാൻ താൽപര്യമുള്ള ഇവിടെ ജനിച്ചു വളർന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്ന് ചെയർമാൻ പറഞ്ഞു. ആനുകാലിക വിഷയങ്ങളെ കുറിച്ച് ശരിയായി വിശകലനം ചെയ്തു സത്യസന്ധമായ വാർത്തകൾ വായനക്കാരിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്വം മാധ്യമ പ്രവർത്തകരിൽ നിക്ഷിപ്തമാണെന്നു കൗണ്‍സിലർ ബിജു മാത്യു പറഞ്ഞു.
അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ, ഐഎപിസി ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റ് ജയിംസ് കൂടൽ, നേർക്കാഴ്ച ന്യൂസ് പേപ്പർ ചീഫ് എഡിറ്റർ സൈമണ്‍ വളച്ചേരി, കേരള അസോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ, വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ചെയർമാൻ പി.സി. മാത്യു, റിപ്പോർട്ടർ ടിവി ന്യൂസ് ഡയറക്ടർ അനുപമ വെങ്കിടേഷ് , ഐഎപിസി ഉപദേശക സമിതി ആംഗങ്ങളായ ഫ്രിക്സ്മോൻ മൈക്കിൾ , പ്രൊഫ . ജോയി പല്ലാട്ട് മഠം , രാജു തരകൻ ഐഎപിസി ഡാളസ് വൈസ് പ്രസിഡന്റ്, തിരുവല്ലാ അസോസിയേഷൻ പ്രസിഡന്റ് ജെ.പി ജോണ്‍ ,ഹൂസ്റ്റണ്‍ ഉപദേശക സമിതി അംഗം ജോജി ജോസഫ്, ജോജി അലക്സ്ണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ദേശീയ മാധ്യമ സെമിനാർ ഈ വർഷം ഒക്ടോബർ 11, 12, 13 തിയതികളിൽ ഹൂസ്റ്റണിൽ നടക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മാധ്യമ രാഷ്ട്രീയ രംഗത്തെ ഇരുപതിൽപരം ഉന്നതവ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഐഎപിസി നാഷണൽ ചെയർമാൻ ബാബു സ്റ്റീഫൻ അറിയിച്ചു.
റിപ്പോർട്ടർ: ജീമോൻ റാന്നി