ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പത്താമത് ഇടവക പൊതുയോഗം മാർച്ച് 29, 30 (വെള്ളി, ശനി) തീയതികളിൽ ഫ്ളോറിഡ റീജണിൽ ടാന്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ അപ്രേം തിരുമേനി അധ്യക്ഷത വഹിയ്ക്കും.
ഇടവക പൊതുയോഗത്തിൽ ഭദ്രാസനത്തിലെ ഇടവ വികാരിമാരും വൈദികരും ഭദ്രാസന അസംബ്ലി അംഗങ്ങളും ഉൾപ്പെടെ ഏകദേശം 125 പ്രതിനിധികൾ സംബന്ധിയ്ക്കുമെന്നു ഭദ്രാസന സെക്രട്ടറി റവ. ഫാ.ഫിലിപ്പ് ഏബ്രഹാം അറിയിച്ചു.
വൈദിക സംഘത്തിന്റെ സമ്മേളനം മാർച്ച് 29നു വെള്ളിയാഴ്ച രാവിലെ മുതൽ 12 വരെയും തുടർന്ന് 1 മുതൽ 6 വരെ നടക്കുന്ന ഭദ്രാസന അസംബ്ലിയുടെ ആദ്യ സെഷനിൽ കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകളും 2019ലേക്കുള്ള ബജറ്റും ഭദ്രാസന സെക്രട്ടറി റവ. ഫാ. ഫിലിപ്പ് ഏബ്രഹാം അവതരിപ്പിക്കും.മാർച്ച് 30നു ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിയ്ക്കുന്ന രണ്ടാം സെഷനിൽ ബജറ്റ് ചർച്ച ചെയ്തു അംഗീകരിക്കും.
ഭദ്രാസന ഇടവക പൊതുയോഗത്തിന്റെ വിജയത്തിനായി ഫ്ളോറിഡ റീജണിൽ ടാന്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോർജ് പൗലോസിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ഭദ്രാസന പിആർഒ എൽദോ പീറ്റർ അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം മാർച്ച് 29 മുതൽ
11:21 PM Mar 26, 2019 | Deepika.com