ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ കനത്ത ഐസ് മഴ വിവിധ കെട്ടിടങ്ങളുടെ മേൽക്കൂരകൾക്കും പുറത്ത് പാർക്ക് ചെയ്ത വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.
സൗത്ത് ഈസ്റ്റ് കോളിൻ കൗണ്ടി, മെക്കിനി, ഫ്രിസ്ക്കൊ, പ്ലാനൊ എന്നീ പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഈ വർഷം ആദ്യമായാണ് ഇത്രയും ശക്തമായ ഐസ് മഴ ലഭിക്കുന്നത്. എൽഡറാഡൊ- ഇന്റിപെണ്ടൻസ് ഇന്റർ സെക്ഷനിലെ മുഴുവൻ പ്രദേശങ്ങളും ഐസ് മൂടികിടക്കുകയായിരുന്നു. ഫ്ളവർ മൗണ്ട്, ലൂയിസ്വില്ല പ്രദേശങ്ങളിലും ആലിപ്പഴം വർഷിച്ചു.
ഡാളസിന്റെ റോക്ക്വാൾ, ഡെന്റൻ, ടെറന്റ് കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രിയിൽ കനത്ത മഴയും തണ്ടർ സ്റ്റോറും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം ചെറിയ മഴയായി ആരംഭിച്ചതിനുശേഷമാണ് വലിയ തോതിൽ ഐസ് മഴ ആരംഭിച്ചത്. ഐസ് വീഴ്ചയ്ക്കു പുറമെ കനത്ത കാറ്റും ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ആലിപ്പഴ വർഷത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതായി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ കനത്ത ആലിപ്പഴ വർഷം
10:45 PM Mar 25, 2019 | Deepika.com