അമേരിക്കയിലേക്കുള്ള കുടിയേറ്റം അനുഗ്രഹം: ബുഷ്

10:30 PM Mar 19, 2019 | Deepika.com
ഡാളസ് : അമേരിക്കയിലേക്ക് കുടിയേറുന്നത് ഒരനുഗ്രഹവും ബലവുമാണെന്ന് മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 18ന് പ്രസിഡന്‍ഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പൗരത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബുഷ്.

ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ള 50 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. വാഷിംഗ്ടണില്‍ ഭരണത്തിലിരിക്കുന്നവര്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നു ബുഷ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്‍റ് എന്ന നിലയില്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് പൂര്‍ണമായും വിജയിച്ചില്ല എന്നതില്‍ ഖേദിക്കുന്നതായും ബുഷ് പറഞ്ഞു. നാം അധിവസിക്കുന്ന രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിക്കപ്പെടുന്നുവെന്നതു ഉറപ്പാക്കണമെന്നും അതോടൊപ്പം ഇവിടെ എത്തുന്ന കുടിയേറ്റക്കാരുടെ ഭാവി ശോഭനമായി തീരണമെന്നും ബുഷ് പറഞ്ഞു. ലോറ ബുഷും ചടങ്ങില്‍ പ്രസംഗിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ