നോർത്ത് കരോളൈന: നോർത്ത് കരോളൈനയിൽ നിന്നും കാണാതായ എമർജൻസി റൂം നഴ്സ് ഡയാനാ കീലിന്റെ (38) മൃതദേഹം കണ്ടെത്തി. പതിനെട്ടു വയസുള്ള ഡയാനയുടെ മകൾ മാതാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരാതിപ്പെട്ടത്.
നാഷ്വില്ലയിലെ ഡയാനയുടെ വീടിനു മുന്നിൽ ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നതായി നാഷ്വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹം അഴുകി തുടങ്ങിയതിനാൽ ഡയാനയുടേതാണോ എന്ന് ഒൗദ്യോഗികമായി അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതു വരെ കാത്തിരിക്കണമെന്നും ഷെറിഫ് പറഞ്ഞു.
സംഭവത്തിൽ ഡയാനയുടെ ഭർത്താവ് സംശയത്തിന്റെ നിഴലിലാണെന്നും ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ തയാറെടുക്കുന്നതായി പറയുന്നു. ഭർത്താവ് ലീൻ നീൽ നേരത്തെ വിവാഹം ചെയ്തിരുന്ന ഭാര്യ അപകടത്തിൽ മരിച്ചതിനുശേഷമാണ് ഡയാനയെ വിവാഹം ചെയ്തത്. ഇവർ തമ്മിൽ കുടുംബ കലഹം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ഡയാനയുടെ 10 വയസുള്ള മകനെ അമ്മൂമ്മയുടെ സംരക്ഷണയിൽ വിട്ടു കൊടുത്തു.
ഡയാനയെ അവസാനമായി വെള്ളിയാഴ്ച ലീൻ നീലാണ് കണ്ടതെന്ന് പോലീസ് പറയുന്നു. ലീനിന്റെ ആദ്യ ഭാര്യ ഇതേ വീട്ടിൽ വീണു മരിച്ചെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
നോർത്ത് കരോളൈനയിൽ നിന്നും കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെത്തി
10:29 PM Mar 14, 2019 | Deepika.com