കലിഫോര്‍ണിയ മലയാളം അക്കാഡമി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

12:27 PM Mar 14, 2019 | Deepika.com
കലിഫോര്‍ണിയ: മലയാളം അക്കാഡമി ഓഫ് നോര്‍ത്ത് അമേരിക്കയും ഫൊക്കാനയും സംയുകതമായി ചെയ്യുന്ന ഓണ്‍ലൈന്‍ മലയാളം കോഴ്‌സിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു മാര്‍ച്ച് ഒമ്പതിനു കലിഫോര്‍ണിയയിലുള്ള ജോണ്‍ എം ഹോര്‍ണര്‍ ജൂനിയര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ മുഖ്യാതിഥിയായിരുന്നു. മലയാള സാഹിത്യകാരനായ തമ്പി ആന്റണിയും, ഫൊക്കാന റീജിണല്‍ വൈസ് പ്രസിഡന്റ് ഗീത ജോര്‍ജും, രാജേഷ് നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലയാള ഭാഷയുടെ ഉന്നമനത്തിനായി ഫൊക്കാനയും മലയാളം അക്കാഡമി ഓഫ് നോര്‍ത്ത് അമേരിക്കയും ചേര്‍ന്ന് ഓണ്‍ലൈന്‍ മലയാളം ക്ലാസുകള്‍ അമേരിക്കയില്‍ നടത്തുവാന്‍ തീരുമാനിക്കുകയും പല സിറ്റികളിലും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. ഇനിയും കൂടുതല്‍ സിറ്റികളില്‍ ഈ പ്രോജക്ടിന് ഫൊക്കാനാ തുടക്കമിടുന്നു .എല്ലാ മലയാളി കുടുംബങ്ങളിലും ഓണ്‍ലൈന്‍ മലയാളം ക്ലാസുകള്‍ എത്തിക്കുകയും നമ്മുടെ കുട്ടികള്‍ക്ക് ബേസിക് മലയാളമെങ്കിലും പഠിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. മലയാളം അക്കാഡമി ഓഫ് നോര്‍ത്ത് അമേരിക്ക, രാജേഷ് നായര്‍ ചെയര്‍മാന്‍ ആയി കഴിഞ്ഞ അഞ്ചുവര്‍ഷമായി അമേരിക്കയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 2019 ല്‍ ആണ് ഫൊക്കാനയും മലയാളം അക്കാഡമി ഓഫ് നോര്‍ത്ത് അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. മലയാളം ക്ലാസുകള്‍ക്ക് വേണ്ട സിലബസുകള്‍ നല്‍കുന്നത് കേരള ഗവണ്‍മെന്റ് ആണ്.

അമേരിക്കയിലെ രണ്ടും മുന്നും തലമുറയിലെ മലയാളി സമൂഹത്തിനു മലയാള പഠനത്തില്‍ അവഗാഹമുണ്ടാക്കുന്നതിനും ,മലയാളത്തെ നമ്മുടെ തലമുറ മാര്‍ക്കാതിരിക്കുന്നതിനും നമ്മുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് മലയാളം അക്കാദമിയിലൂടെ ഫൊക്കാനാ ഉദ്ദേശിക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു .

കേരളത്തില്‍ പോലും സ്‌കൂളുകളില്‍ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാള ഭാഷയുടെ വികസനത്തിന് വേണ്ട പ്രോജക്ടുകളും അവയുടെ നടപ്പിലാക്കല്‍ പ്രക്രിയയും ഫൊക്കാന നടപ്പാക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ പി നായര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍