പ്രവാസി പ്രതിഭാ പുരസ്‌കാരം ഡോ. സുജാ ജോസ് അർഹയായി

10:42 PM Feb 22, 2019 | Deepika.com
ന്യൂയോർക്ക് : കമ്യൂണിറ്റി ലീഡർഷിപ് ഫൗണ്ടേഷൻ എല്ലാവർഷവും നൽകാറുള്ള പ്രവാസി പ്രതിഭാ പുരസ്‌കാരം മികച്ച കമ്യൂണിറ്റി സർവീസിനുള്ള 2018 -2019 ലെ അവാർഡ്, അമേരിക്കയിൽ സാമൂഹ്യ , സാംസ്കാരിക ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഡോ. സുജാ ജോസിന് അർഹയായി.

തിരുവനന്തപുരം പ്രസ്‌ക്ലബ്‌ളിൽ ജനുവരി 29 ന് നടന്ന ചടങ്ങിൽ കേരളാ സംസ്ഥാന ഫിഷറിസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് അവാർഡ് ദാനം നിർവഹിച്ചത്. എല്ലാ വർഷവും കലാസാംസ്‌കാരിക രംഗങ്ങളിൽ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഈ അവാർഡിന് അർഹയാകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

ഹിസ് ഗ്രേസ് ഗബ്രിയേൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഫിഷറിസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഡോ. അലക്സാണ്ടർ കാരക്കൽ ( മുൻ വൈസ് ചാൻസലർ , കണ്ണൂർ യൂണിവേഴ്സിറ്റി) മോൻസ് ജോസഫ് എംഎൽഎ , ഫാ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ , ടി.എസ്. ചാക്കോ (അഡ്വൈ.ബോർഡ് ഫൊക്കാന ) തോമസ് നിലാർമഠം, ജെസി തോമസ് , സുജ മാത്യു, ജേക്കബ് ടോണിക്കടവിൽ തുടങ്ങി സാമൂഹ്യ , സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഒരുപാടു നോമിനേഷനകളിൽ നിന്നും വളരെയേറെ വിശകലനം ചെയ്തശേഷം മൂന്നു ജൂറികൾ ഐക്യഖണ്ഡേനെയാണ് ഡോ. സുജയുടെ പേര് തെരഞ്ഞടുത്തത്.

തിരക്കേറിയ പ്രവാസി ജീവിതത്തിലും കലാസാംസ്‌കാരിക രംഗങ്ങളിൽ ഡോ. സുജാ ജോസ്‌ നൽകിവരുന്ന സംഭാവനകളെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രശംസിച്ചു. സ്കൂൾ, കോളജ് തലങ്ങളിൽ കായിക താരമായിരുന്ന ഡോ. സുജാ അമേരിക്കയിൽ എത്തിയ ശേഷവും കലാസാംസ്‌കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും,കലാസാംസ്‌കാരിക രംഗങ്ങളിലും തന്‍റേതായ ശൈലിയിൽ കർമരംഗത്തു പ്രവർത്തിക്കുന്ന സുജ മറ്റ് പ്രവാസികൾക്ക് ഒരു പ്രചോദനം ആണെന്നും മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ഇരുപത്തി അഞ്ചു വർഷമായി കമ്യൂണിറ്റി ലീഡർഷിപ് ഫൗണ്ടേഷൻ ,കമ്മ്യൂണിറ്റി സർവീസിനുള്ള അവാർഡ് നൽകി ആദരിക്കുന്നു എന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫൊക്കാന ജോയിന്‍റ് സെക്രട്ടറി ആയ സുജ ജോസ് നേടിയ പ്രവാസി പ്രതിഭാ പുരസ്‌കാരം ഫോക്കാനയ്ക്കും ഏറെ അഭിമാനിക്കാവുന്നതാണെന്ന് മോൻസ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. ഇരട്ട മധുരവുമായാണ് ഡോ. സുജ ജോസ് ഫൊക്കാന കേരള കൺവൻഷനിൽ ഏത്തിയതെന്നും, തിരുവനന്തപുരത്തു തന്നെ രണ്ടു അവാർഡുകൾ ആണ് ഡോ. സുജ കരസ്ഥമാക്കിയത്. ഈ അവാർഡുകൾ അർഹതക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോർത്ത് അമേരിക്കൻ മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്. മികച്ച സംഘാടക , ഗായിക ,നർത്തികി , പ്രോഗ്രാം കോഡിനേറ്റർ , എം.സി തുടണ്ടി വിവിധ രംഗങ്ങളിൽ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ് ഏവർകും സുപരിചിതയാണ്. കലാകായിക,സംസ്കരിക മേഖലകൾക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഡോ. സുജ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും കലാകായിക രംഗത്തും സജീവമാണ് .

ഫൊക്കാനയുടെ ജോയിന്‍റ് സെക്രട്ടറിയും മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്‍റും കൂടിയാണ് ആണ് ഡോ. സുജ ജോസ്. ഹെൽത്ത് ഫസ്റ്റ് റീഹാബിലിറ്റേഷൻ സെന്‍ററിന്‍റെ ഡയറക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്ന സുജ ഭർത്താവ് ജോസ് കെ. ജോയിക്കും മുന്ന് കുട്ടികൾക്കും ഒപ്പം ന്യൂ ജേഴ്സിയിൽ ലിവിഗ്സ്റ്റണിൽ താമസിക്കുന്നു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ