കുവൈത്തിനുവേണ്ടി എൻബിടിസിയുടെ മാരത്തോൺ

09:35 PM Feb 22, 2019 | Deepika.com
കുവൈത്ത്: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് എൻബിടിസി ഗ്രൂപ്പ് എല്ലാവർഷവും നടത്തുന്ന 'വിൻറ്റർ കാർണിവൽ-2019' ഫെബ്രുവരി 25-ന് വിപുലമായ പരിപാടികളോടെ എൻബിടിസി കോർപ്പറേറ്റ് ഓഫിസ് അങ്കണത്തിൽ സംഘടിപ്പിക്കും.

കാർണിവലിന്‍റെ ഭാഗമായി 250-ഓളം ജീവനക്കാർ പങ്കെടുക്കുന്ന മാരത്തോൺ മത്സരവും സംഘടിപ്പിക്കും. എൻബിടിസിയുടെ എംഎബി ക്യാമ്പ് മുതൽ കോർപ്പറേറ്റ് ഓഫിസ് വരെയാകും മാരത്തോൺ സംഘടിപ്പിക്കുക. പ്രശസ്ത കായികതാരം അഞ്ചു ബോബി ജോർജ് മാരത്തോൺ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും.

25000-ൽ അധികം ജീവനക്കാരുള്ള എൻബിടിസി, കുവൈറ്റ് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കും.

എൻബിടിസി ഗ്രൂപ്പിന്‍റെ 'ഹോം ഫോർ ഹോംലെസ്' പദ്ധതിയിലൂടെ അർഹരായ 25 ജീവനക്കാർക്ക് ഈ വർഷവും സൗജന്യമായി വീടുകൾ വച്ചു നൽകും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 53 വീടുകളും എൻബിടിസി നൽകിയിരുന്നു. 'വൺ ടീം, വൺ ഫാമിലി' എന്ന കമ്പനിയുടെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന രീതിയുള്ളതാകും എൻബിടിസിയുടെ വിൻറ്റർ കാർണിവൽ ആഘോഷം. എൻബിടിസി ചെയർമാൻ മുഹമ്മദ് എൻ. അൽ-ബദ്ദ, മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം, കെഒസി, കെഎൻപിസി, കിപിക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരിക്കും.

വിൻറ്റർ കാർണിവൽ - 2019-ൻറ്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ ഉൾപ്പെട്ട അമൃതം ഗമയ മ്യൂസിക് ബാൻഡ്, എൻബിടിസിയുടെ ഡെസെർട്ട് തണ്ടർ മ്യൂസിക് ബാൻഡ്, എൻബിടിസി കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ അരങ്ങേറും. കൂടാതെ ഫിലിപ്പീൻസ്, ഈജിപ്ത്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തിയ നിരവധി ഭക്ഷണശാലകളും സജ്ജമാക്കും. ഒരു പകൽ നീണ്ടു നിൽക്കുന്ന വിവിധ കലാപരിപാടികളും എൻബിടിസിയുടെ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള അവാർഡ് വിതരണവുമുണ്ടാകും.

റിപ്പോർട്ട്: സലിം കോട്ടയിൽ