സമസ്ത ബഹറിന്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ശ്രദ്ധേയമായി

10:15 PM Feb 21, 2019 | Deepika.com
മനാമ: സമസ്ത ബഹറിന്‍ - ഉമ്മുൽഹസ്സം ഏരിയാ കമ്മിറ്റി കിംസ് ബഹറിൻ മെഡിക്കൽ സെന്‍ററുമായി സഹകരിച്ച് ഉമ്മുല്‍ ഹസം ശാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും മുന്‍കരുതലും വിശദീകരിച്ച് ജീവിക്കാം ആരോഗ്യത്തോടെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിനു കിംസ് ഹോസ്പിറ്റലിലെ ഡോക്ടർ രവി ശ്രീനിവാസൻ നേതൃത്വം നൽകി.

പ്രവാസികളുടെ ജീവിത ശൈലിയാണ് രോഗത്തിന് കാരണമെന്നും രോഗം വന്നാൽ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ അഭിപ്രായം തേടി ചികില്സിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി.

മാനസിക സമ്മർദം കുറക്കാൻ എന്താണ് മാർഗമെന്ന സദസ്സിൽനിന്നുള്ള ഒരു ചോദ്യത്തിന് ആത്മീയ സദസുകളിലെ പങ്കാളിത്തമുള്‍പ്പെടെയുള്ള സമസ്തയുടെ പ്രവർത്തനങ്ങള്‍ ഇതിന് നല്ല പരിഹാരമാണെന്നും നമ്മുടെ ചെലവുകള്‍ വരവിനനുസരിച്ചു നിയന്ത്രിക്കണമെന്നും ഡോക്ടർ വിശദീകരിച്ചു.

സെമിനാര്‍ സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രോഗങ്ങള്‍ക്കെല്ലാം ശിഫയുണ്ടെന്നും അസുഖം പിടിപെട്ടാല്‍ പ്രാര്‍ഥിക്കുന്നതോടൊപ്പം ഡോക്ടറെ കൂടി കാണണമെന്നും ഫഖ്‌റുദ്ദീൻ തങ്ങൾ ഉപദേശിച്ചു.

ഉമ്മുല്‍ ഹസം ഏരിയ പ്രസിഡന്‍റ് സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സമസ്ത ജനറൽ സെക്രട്ടറി വികെ കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ എസ് എം അബ്ദുൾ വാഹിദ്, കേന്ദ്ര കോഓർഡിനേറ്റർ കാസിം റഹ്‌മാനി, ശറഫുദ്ധീൻ മാരായമംഗലം, ഷാഫി വേളം,ശാഫി പാറക്കട്ട, മജീദ് ചോലക്കോട്, ഗസ്സാലി എന്നിവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്തവർക്ക് കിംസ് മെഡിക്കൽ സെന്ററിൽ നിന്നുള്ള പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പൺ മാർക്കറ്റിങ് ഇൻചാർജ് സഹൽ വിതരണം ചെയ്തു.
ഏരിയ സെക്രെട്ടറി ഇസ്മായിൽ പയ്യന്നൂർ സ്വാഗതവും ട്രഷറർ നസീർ കുറ്റ്യാടി നന്ദിയും പറഞ്ഞു.