പ്രിൻസസ് ഹയ അവാർഡിന് യുഎഇ എക്സ്ചേഞ്ചിന്‍റെ പങ്കാളിത്തം

09:55 PM Feb 19, 2019 | Deepika.com
ദുബായ്: ഭിന്നശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ആനയിക്കുന്നതിനും അന്താരാഷ്ട്രനിലവാരമുള്ള സവിശേഷ വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെ അവരെ സമുദ്ധരിക്കുന്നതിനും സമയവും സേവനവും അർപ്പിക്കുന്ന അധ്യാപകരെയും മറ്റും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പ്രിൻസസ് ഹയ അവാർഡ് ഫോർ സ്പെഷൽ എഡ്യൂക്കേഷൻ (PHASE) പുരസ്‌കാര സംരംഭത്തിന്‍റെ ഏഴാമത് വാർഷികത്തിൽ പ്രശസ്ത പണമിടപാട് ബ്രാൻഡ് യുഎഇ എക്സ്ചേഞ്ച് പ്രധാന പങ്കാളിയാകും.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പത്‌നി ഹെർ ഹൈനസ് ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരി ഒരു ഉന്നതമായ മാനവികദൗത്യമെന്ന നിലയിൽ 2008 ൽ ആരംഭിച്ച ഈ വ്യത്യസ്ത പുരസ്‌കാര സംരംഭത്തോട് സഹകരിക്കാൻ ലഭിച്ച അവസരം വലിയ ബഹുമതിയായും മികച്ച സാമൂഹ്യ പ്രവർത്തനമായും തങ്ങൾ ഏറ്റെടുക്കുകയാണെന്ന് ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സിഇഒയുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് എപ്പോഴും പ്രതിബദ്ധതയോടെ ഇടപെടുന്ന ബ്രാൻഡ് എന്ന നിലയിൽ, യുഎഇ എന്ന മാതൃകാരാഷ്ട്രം ഏറ്റെടുക്കുന്ന ഇത്തരം ദൗത്യങ്ങളിൽ യുഎഇ എക്സ്ചേഞ്ച് സ്വന്തമായ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മധൈര്യത്തിന്‍റേയും ആർജവത്തിന്‍റേയും അടയാളമാകുന്ന ഭിന്നശേഷിക്കാരായ സഹജീവികളുടെ അതിജീവന ശ്രമങ്ങളിൽ തങ്ങളുടെ തോൾചേർന്നു നില്ക്കാൻ മുന്നോട്ടുവന്ന യുഎഇ എക്സ്ചേഞ്ചിന്‍റെ പ്രതിബദ്ധത അനുകരണീയമാണെന്ന് 'ഫേസ്' അവാർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അൽ എമാദി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള